ദേവസ്വം സ്ഥാപനങ്ങളിൽ ഒ.ബി.സി സംവരണ നിഷേധം: വിശദീകരണം തേടി

Saturday 25 October 2025 12:15 AM IST

കൊച്ചി: വിവിധ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന നടത്തുന്ന നിയമനങ്ങളിൽ പിന്നാക്ക സംവരണം പാലിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ സി​.ബി​.എസ്.ഇ സ്കൂളി​ൽ പ്രൈമറി ടീച്ചർ തസ്തികയിലേക്ക് അപേക്ഷിച്ച കൊട്ടാരക്കര സ്വദേശിയും ഈഴവ സമുദായാംഗവുമായ കാവ്യ വിശ്വനാഥ് അഡ്വ. ടി.ആർ. രാജേഷ് മുഖേനയാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. നിയമന നടപടികൾ കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കും.

നിയമന വിജ്ഞാപനത്തിൽ സാമ്പത്തിക ദുർബലാവസ്ഥയിലുള്ളവരുടെ സംവരണ വ്യവസ്ഥകൾ വിശദീകരിച്ചിട്ടുണ്ടെങ്കിലും പട്ടികവിഭാഗ/ഒ.ബി.സി സംവരണം പ്രതിപാദിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഈ വിഭാഗത്തിനും പി.എസ്.സിയുടെ സംവരണ റൊട്ടേഷൻ പാലിച്ച് നിയമനം നടത്താൻ അനുവദിച്ച് സർക്കാർ 2024ൽ ഉത്തരവിട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചട്ടപ്രകാരം ഈഴവ, തിയ്യ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്ക് 17% സംവരണത്തിന് അർഹതയുണ്ട്. എന്നാൽ സംവരണം നടപ്പാക്കാനുള്ള നി‌ർദ്ദേശം സർക്കാരിന് സമർപ്പിച്ചിരിക്കുകയാണെന്നും അനുമതി കിട്ടുന്ന മുറയ്ക്ക് നടപ്പാക്കുമെന്നുമാണ് റിക്രൂട്ട്മെന്റ് ബോർഡിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. ഇത് സംവരണ അട്ടിമറിയുടേയും ജാതി വിവേചനത്തിന്റേയും പുതിയ രൂപമാണെന്നാണ് ഹർജിയിലെ ആരോപണം. സംവരണ തത്വങ്ങൾ ഉറപ്പാക്കും വരെ നിയമന നടപടികൾ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.