ജനശതാബ്ദി പാളത്തിൽ കുടുങ്ങി: താറുമാറായി ട്രെയിൻ ഗതാഗതം

Saturday 25 October 2025 12:18 AM IST

വടക്കാഞ്ചേരി: തിരുവനന്തപുരം സെൻട്രൽ -കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് പാളത്തിൽ കുടുങ്ങിയതിനെ തുടർന്ന് തൃശൂർ - ഷൊർണ്ണൂർ റൂട്ടിൽ രണ്ടേകാൽ മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇതേതുടർന്ന് വേണാട്,ശബരി,രപ്തിസാഗർ,പരശുറാം ട്രെയിനുകൾ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു. ഇന്നലെ രാവിലെ 11.17നാണ് എൻജിനിലേക്ക് വൈദ്യുതിയെത്തുന്ന ഓവർ ഹെഡ് എക്യുപ്‌മെന്റ്‌സ് (ഒ.എച്ച്.ഇ) തകരാറിലായി വൈദ്യുതി നിലച്ചത്. വടക്കാഞ്ചേരിക്കും മുള്ളൂർക്കരയ്ക്കും ഇടയിൽ ഉത്രാളികാവ് ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. സാങ്കേതിക വിദഗ്ദ്ധരും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതോടെ യാത്രക്കാർ ദുരിതത്തിലായി. ജനശതാബ്ദിക്ക് തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇടയിൽ ആകെ 13സ്റ്റോപ്പാണുള്ളത്. തകരാർ പരിഹരിക്കാനാകാത്തതോടെ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പുതിയ എൻജിനെത്തിച്ചത് ഷൊർണൂർ - തൃശൂർ റൂട്ടിലും ട്രെയിൻ ഗതാഗതതടസത്തിന് വഴിവെച്ചു. ഒന്നരയ്ക്ക് ഒ.എച്ച്.ഇ തകരാർ പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു.