ശബരിമല സ്വർണകൊള്ള: ബി.ജെ.പിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി

Saturday 25 October 2025 12:55 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ധർണയും ഉപരോധവും ആരംഭിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള നൂറ് കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നോർത്ത് ഗേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ,പി.കെ.കൃഷ്ണദാസ് തുടങ്ങി മുതിർന്ന നേതാക്കളും പ്രവർത്തകരും കനത്ത മഴയ അവഗണിച്ചും സമരത്തിലിരിക്കുകയാണ്. ഇന്ന് രാവിലെ 11ന് രാജീവ് ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്യും.

ദൈവത്തിന്റെ സ്വർണം മോഷ്ടിച്ച ലോകത്തിലെ ആദ്യത്തെ സർക്കാർ പിണാറായി സർക്കാരാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. സർക്കാർ രാജിവച്ച് പോകേണ്ട സമയം അതിക്രമിച്ചു. പോറ്റിയെ ഉപയോഗിച്ചാണ് പിണാറായി സർക്കാർ സ്വർണ മോഷണം നടത്തിയത്. പോറ്റിയെയല്ല, പോറ്റിയെ പോറ്റി വളർത്തിയ പിണറായി വിജയനെയും സി.പി.എം നേതാക്കളെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യേണ്ടത്. ഇപ്പോഴത്തെ അന്വേഷണം തന്ത്രിമാരിലേക്കാണ് പോകുന്നതെന്നും തന്ത്രിമാരല്ല, മന്ത്രിമാരാണ് സ്വർണം കട്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ടി. രമേശ്, ശോഭാ സരേന്ദ്രൻ, അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.