വാക്കുപറഞ്ഞവരെല്ലാം മറന്നു ഗീതു ഇപ്പോഴും ഒറ്റമഴയിൽ മുങ്ങുന്ന ആ വീട്ടിൽ തന്നെ
തിരുവനന്തപുരം: പോയവർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്റർ നടത്ത മത്സരത്തിൽ സ്വർണംനേടി ഹാട്രിക്ക് തികച്ചപ്പോൾ ഗീതുവിന് നല്ലൊരു വീടുവച്ചു നൽകാമെന്ന് വാക്കുപറഞ്ഞവർ ഏറെയുണ്ടായിരുന്നു. പക്ഷേ അവർ അത് മറന്നേപോയി. ഗീതു ഇപ്പാഴും ഒറ്റമഴയിൽ മുങ്ങുന്ന ആ വീട്ടിൽ തന്നെയാണ് കഴിയുന്നത്.
മാദ്ധ്യമവാർത്തകൾ കണ്ട് വാഗ്ദാനം ചെയ്യപ്പെട്ടതെല്ലാം വാഗ്ദാനങ്ങളായി മാത്രം അവശേഷിച്ചപ്പോൾ മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി തന്റെ അവസാന കായികമേളയിൽ മാറ്റുരയ്ക്കാൻ നാളെ ഇറങ്ങുന്നുണ്ട്. അവകാശികൾ ഏറെയുള്ള, ഇറങ്ങിപ്പോകാൻ പറഞ്ഞാൽ പടിയിറങ്ങേണ്ടിവരുന്ന തറവാട്ടുവീട്ടിലേക്ക്
നാലാമതൊരു സ്വർണം കൊണ്ടുപോകുകയാണ് ലക്ഷ്യം.
വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലാണ് ഗീതുവിന്റെ പിതാവ് ചന്ദ്രൻ. ഓട്ടോ ഡ്രൈവറായിരുന്നു. ശസ്ത്രക്രിയ ഉൾപ്പെടെ പറഞ്ഞിരിക്കുകയാണ്. അതിനുള്ള പണം ഇതുവരെ കണ്ടെത്താൻ കുടുബത്തിന് കഴിഞ്ഞിട്ടില്ല. ഇൻഷ്വറസിലൂടെയാണ് ചികിത്സമുന്നോട്ട് പോയിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾമൂലം ഇപ്പോൾ അതുംമുടങ്ങി. അഞ്ച് ലക്ഷംരൂപ വേണം ചികിത്സയ്ക്ക്. കുടുംബശ്രീ ഹോട്ടൽ ജീവനക്കാരിയായ അമ്മ രജനിയുടെ വരുമാനമാണ് ഏക ആശ്രയം. ഏക സഹോദരിക്ക് ചെറിയൊരു ജോലി ഈയടുത്ത് കിട്ടി. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫിൽ നിന്നു പോലും വീട് ലഭിക്കാത്ത സ്ഥിതിയാണ്.
അച്ഛന്റെ പെങ്ങൾ മരിച്ചതോടെ വീടും പുരയിടവും വിൽക്കാൻ അവകാശികൾ ശ്രമിക്കുന്നുണ്ട്. സ്ഥലവും വീടും പങ്കുവെച്ചാൽ ഒരാൾക്ക് ഒരു സെന്റ് പോലുമുണ്ടാവില്ല. വാടകവീട്ടിൽ കഴിയേണ്ടിവരും. ഇതിനിടയിൽ ചികിത്സാച്ചെലവുംകൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാകും. തറവാടുവീടിൽ നിന്ന് ഈ വർഷമെങ്കിലും പുതിയ വീട്ടിലേക്കുമാറി, ഷോകെയ്‌സിൽ മെഡലുകൾ തൂക്കണമെന്നാമാണ് ഗീതുവിന്റെ ആഗ്രഹം. സംസ്ഥാന ജൂനിയർ മീറ്റിൽ സ്വർണവും, സൗത്ത് സോൺ മീറ്റിൽ വെങ്കലവും നേടിയ താരമാണ് ഗീതു.