മന്ത്രിതന്ന പോളിൽ പരിചയം പോര, മുളകൊണ്ട് ചാടി അഭിനവ്

Saturday 25 October 2025 12:02 AM IST

തിരുവനന്തപുരം: മുളക്കമ്പുകൊണ്ട് പോൾവാട്ടിൽ വിസ്മയം സൃഷ്ടിച്ചതറിഞ്ഞ് മന്ത്രി സമ്മാനിച്ച ഫൈബർ പോളിൽ പരിശീലിച്ച് പരിചയമില്ലാത്തതിനാൽ മുളക്കമ്പുതന്നെ തിരഞ്ഞെടുത്തിട്ടും വയനാടുകാരൻ എ എം അഭിനവിന് മെഡൽ നേടാനായില്ല.

വയനാട് ജില്ലാ കായികമേളയിൽ മുളക്കമ്പിൽ മത്സരിച്ച്‌ സ്വർണമണിഞ്ഞതറിഞ്ഞാണ് മന്ത്രി ഒ.ആർ കേളു ഒരാഴ്ചമുമ്പ് തിരുവനന്തപുരത്ത് വച്ച് 1.05ലക്ഷം വിലയുള്ള ഫൈബർ പോൾ സമ്മാനിച്ചത്. ഈയാഴ്ച സംസ്ഥാന മത്സരത്തിനായി ഇങ്ങോട്ടുതന്നെ വരേണ്ടതിനാൽ ശിക്ഷക് സദനിൽ പോൾ സൂക്ഷിച്ചു. മത്സരത്തിന് കുറച്ചുമുമ്പെടുത്തെങ്കിലും പരിശീലിക്കാൻ സമയം കിട്ടിയില്ല. പുതിയ പോൾ ഇതുപയോഗിച്ച്‌ പരിശീലിക്കാത്തതിനാൽ മുള തന്നെ ഉപയോഗിക്കാൻ പരിശീലകൻ കെ.വി സജി നിർദേശിച്ചതാണ്. പുതിയപോളിൽ മത്സരിക്കാനുള്ള ആഗ്രഹം കണ്ട് ഒടുവിൽ കോച്ചും അത് സമ്മതിച്ചു. 2.8 മീറ്റർ മറികടക്കാനുള്ള ശ്രമം രണ്ടു തവണ പരാജയപ്പെട്ടതോടെ മൂന്നാം ശ്രമം മുള ഉപയോഗിച്ചായിരുന്നു. അതിലും വിജയിച്ചില്ല.മുള കൊണ്ട്‌ 3.1 മീറ്റർ വരെ ചാടിയിട്ടുണ്ടെങ്കിലും രണ്ടവസരം നഷ്ടമായപ്പോൾ ടെൻഷനായി.

മന്ത്രിയുടെ സമ്മാനംകൊണ്ട് അടുത്ത തവണ മെഡൽ വാങ്ങുമെന്ന് ഉറപ്പിച്ചാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥി മടങ്ങുന്നത്. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണിയും ഉഷയുമാണ് മാതാപിതാക്കൾ.യുട്യൂബിലെ റീൽസ് കണ്ടാണ് അഭിനവിന് പോൾവാട്ട് മോഹം മനസിൽ തോന്നിയത്.സി.പി.എം വയനാട്‌ ജില്ലാ സെക്രട്ടറി കെ.റെഫീഖ്‌ സ്പൈക്ക് സമ്മാനം നൽകിയിരുന്നു.