കടംകൊണ്ട ഷൂവുമായി കബഡി
Saturday 25 October 2025 12:07 AM IST
തിരുവനന്തപുരം: ഷൂ ഇല്ലാതിരുന്ന ഇടുക്കി ജില്ലയുടെ ഗേൾസ് കബഡി താരങ്ങൾ ഇന്നലെ കളത്തിലിറങ്ങിയത് കടംവാങ്ങിയ ഷൂവുമായി. തിരുവനന്തപുരം ജില്ലാതാരങ്ങളും ഇടുക്കിയുടെതന്നെ ആൺകുട്ടികളുമാണ് ഷൂ നൽകിയത്. എന്നിട്ടും ടീമിലെ ആറുപേർക്ക് മാത്രമാണ് കുറച്ചെങ്കിലും സൈസിനൊത്ത ഷൂ ലഭിച്ചത്. മറ്റുള്ളവർ നഗ്നപാദരായി ഇറങ്ങി. മത്സരത്തിൽ തൃശൂരിനോട് പൊരുതിതോൽക്കുകയും ചെയ്തു.
കബഡിയിൽ ഇടുക്കിയുടെ അഭിമാനമായ അനുശ്രീ ഉൾപ്പെടെ 12 കുട്ടികളാണ് ഈ ദുരവസ്ഥ നേരിട്ടത്. കഴിഞ്ഞ മൂന്ന് സംസ്ഥാന കായികമേളകളിലും കടം വാങ്ങിയ ഷൂസ് ഇട്ടാണ് അനുശ്രീ കളത്തിലിറങ്ങിയിരുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ,ജിഎച്ച്എസ്എസ്, അണ ക്കര, ഫാത്തിമ ഹൈസ്കൂൾ മാമല തുടങ്ങിയ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് ടീമംഗങ്ങളിൽ ഉണ്ടായിരുന്നത്. തോട്ടം തൊഴിലാളികളുടെ മക്കളാണ് മിക്കവരും.