ഹിജാബ് വിവാദത്തിന് വിരാമം; സ്‌കൂളിൽ തുടരാൻ താത്പര്യമില്ല, മകളെ  മാറ്റുകയാണെന്ന്  പിതാവ്

Saturday 25 October 2025 12:39 AM IST

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിർണായക വഴിത്തിരിവ്. സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നും പുതിയ സ്‌കൂളിലേയ്ക്ക് മാറുകയാണെന്നും പിതാവ് അനസ് ഹൈക്കോടതിയെ അറിയിച്ചു. ഹിജാബ് ധരിച്ച് വിദ്യാർത്ഥിനിയെ ക്ളാസിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റ് നൽകിയ ഹർജിയിലാണ് പിതാവ് നിലപാട് അറിയിച്ചത്. കുട്ടിയും പിതാവും നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.

വിഷയത്തിൽ കൂടുതൽ നടപടികളിലേയ്ക്ക് കടക്കുന്നില്ലെന്ന് സർക്കാരും അറിയിച്ചു. തുടർന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കി. ഭരണഘടന അനുശാസിക്കുന്ന സാഹോദര്യം ശക്തമായി നിലനിൽക്കേണ്ടതുണ്ടെന്നും സൗഹാർദ്ദപരമായാണ് എല്ലാവരും മുന്നോട്ട് പോകേണ്ടതെന്നും ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് വി ജി അരുൺ ഓർമ്മിപ്പിച്ചു. ഹിജാബ് ധരിക്കുന്ന ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് പൊതുുത്തരവ് പ്രതീക്ഷിക്കുന്നതായും കുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ പറഞ്ഞു.

ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. ഹിജാബ് ധരിക്കാതെ വരണമെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.