കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് 2458 കോടി ലോക ബാങ്ക് വായ്പ
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യ മേഖലയിലെ പദ്ധതികൾക്ക് ലോക ബാങ്ക് 28 കോടി ഡോളർ (ഏകദേശം 2458 കോടി രൂപ) വായ്പ അനുവദിച്ചു. സംസ്ഥാനത്തെ വയോധികരുടെയും ആരോഗ്യപരമായി ദുർബലരായവരുടെയും ആയുർദൈർഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള പദ്ധതിക്കാണ് വായ്പയെന്ന് ലോക ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിന് 25 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പീരീഡുമുണ്ട്. വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള വയോജനങ്ങൾക്കും ദുർബലരായവർക്കും വീടുകളിലെത്തി ചികിത്സ നൽകും. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടുള്ള സമഗ്രമായ ആരോഗ്യ സംവിധാനം ഒരുക്കും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തവർക്ക് വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനം ഒരുക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജന്തുജന്യ രോഗങ്ങളുടെ വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കും. വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും കടുത്ത ചൂടും വെള്ളപ്പൊക്കവും അടക്കമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങൾ തടയാനുമുള്ള പദ്ധതികൾ നടപ്പാക്കും.
ജീവിതശൈലീ
രോഗികൾക്ക് ട്രാക്കർ
- ജീവിതശൈലീ രോഗികൾക്ക് വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ്
- രക്തസമ്മർദ്ദ പരിശോധന 40 ശതമാനം വർദ്ധിപ്പിക്കും.
- സെർവിക്കൽ കാൻസർ, സ്തനാർബുദ പരിശോധനകൾ 60 ശതമാനം വർദ്ധിപ്പിക്കും.
- ഇ-ഹെൽത്ത് സേവനം നടപ്പാക്കും.