മീനാങ്കൽ കുമാറും സംഘവും കോൺഗ്രസിൽ ചേർന്നു

Saturday 25 October 2025 12:51 AM IST

തിരുവനന്തപുരം:സി.പി.ഐ അംഗത്വം രാജി വച്ച് കോൺഗ്രസിലെത്തിയ എ.ഐ.ടി.യുസി മുൻ ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറിന്റെ നേതൃത്വത്തിലുള്ള നൂറോളം പ്രവർത്തകർക്ക് കെ.പി.സി.സി ആസ്ഥാനത്ത് സ്വീകരണം. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എം.എൽ.എ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി വട്ടിയൂർക്കാവ് ബി ജയകുമാർ, സംസ്ഥാന ജോയിന്റ് കൗൺസിൽ അംഗം ബിനു സുഗതൻ,അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കളത്തറ വാർഡ് മെമ്പറുമായ മധു കളത്തറ, സിപിഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി പുളുന്തുരുത്തി ഗോപൻ,റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മീനാങ്കൽ സന്തോഷ്,സിപിഐ വർക്കല മുൻ മണ്ഡലം കമ്മിറ്റി അംഗം ബിജു വർക്കല തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

സി.പി.എമ്മിന് സി.പി.ഐ

കീഴടങ്ങി:സണ്ണി ജോസഫ്

സി.പി. ഐ രാഷ്ട്രീയപരമായി എൽ.ഡി.എഫിൽ കൂടുതൽ ഒറ്റപ്പെട്ടെന്നും . വരും ദിവസങ്ങളിൽ കൂടതൽ പേർ സി.പി. ഐ വിട്ട് കോൺഗ്രസിൽ ചേരുമെന്നും

സണ്ണി ജോസഫ് പറഞ്ഞു. കമ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് വരുന്ന മുഴുവൻ നേതാക്കളെയും പ്രവർത്തകരേയും കോൺഗ്രസ് സ്വീകരിക്കും.മീനാങ്കൽ കുമാറിന്റെയും സഹപ്രവർത്തകരുടെയും പ്രവേശനം തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിപിഎമ്മിന്റെ ചവിട്ടും തൊഴിയുമേറ്റ് സിപിഐ എൽഡിഎഫിൽ തുടരാതെ യുഡിഎഫിന്റെ ഭാഗമാകണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു.ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, കെപിസിസി വൈസ് പ്രസിഡന്റ് എം.വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ,കെ.എസ്‌ഗോപകുമാർ,രമണി പി നായർ,ആർ.ലക്ഷ്മി എന്നിവരും പങ്കെടുത്തു.കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്.ശബരിനാഥൻ സ്വാഗതം പറഞ്ഞു.