വോട്ടിനായി ചില സമുദായങ്ങളെ തഴയുന്നു : മാർ തോമസ് തറയിൽ
തിരുവനന്തപുരം: വോട്ടു ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക, വന്യജീവി ആക്രമണങ്ങൾ തടയുക, ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് പാണത്തൂരിൽ നിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപനം സെക്രട്ടേറിയറ്റിന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംരണത്തിന്റെ പേരിൽ 17,000 പേരുടെ നിയമനമാണ് തടസപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. ജെൻഡർ യൂണിഫോമെന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവർ മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ വൈരുദ്ധ്യമുണ്ട്. ഇതിന്റെ പേരിൽ ക്രൈസ്തവ സമുദായത്തെ അധിക്ഷേപിച്ചതായും ആർച്ച് ബിഷപ്പ് പറഞ്ഞു. ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് ഡോ.മാത്യൂസ് മാർ സിൽവാനോസ്, ബിഷപ്പ് ഡോ.മോഹൻ മാനുവൽ, ബിഷപ്പ് ഡോ.സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ്ചന്ദ്ര പ്രധാൻ, ആർച്ച് ബിഷപ്പ് ഡോ.റോബിൻസൺ ഡേവിഡ്, മോൺ. ഡോ.ജോൺ തെക്കേക്കര, മോൺ. ആന്റണി ഏത്തയ്ക്കാട്ട്, ഫാ.സാവിയോ മാനാട്ട്,വി.വി.അഗസ്റ്റിൻ,ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.