ഉദ്വേഗം നിറഞ്ഞ പകൽ: ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം : തങ്ങളുടെ എതിർപ്പ് തള്ളി ഏകപക്ഷീയമായി പി.എം.ശ്രീ യിൽ ഒപ്പു വച്ച സർക്കാർ നടപടിയെക്കെതിരെ സി.പി.ഐ അടിയന്തര സെക്രട്ടേറിയേറ്റ് യോഗം കൂടാൻ തീരുമാനിച്ചതോടെ ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ പകലായിരുന്നു ഇന്നലെ .സി.പി.ഐ മുന്നണി വിടുമോ, മന്ത്രിമാരെ പിൻവലിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നത്.
മണിക്കൂറുകൾ ഇടവിട്ട് സി.പി.എം,സി.പി.ഐ നേതാക്കൾ നടത്തിയ വാർത്താസമ്മേളനങ്ങളും ആശങ്കകൾക്ക് ആക്കം കൂടി. സി.പി.ഐ യുടെ നിലപാട് എന്താകും , പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ . അപമാനം സഹിച്ച് നിൽക്കുതെന്ന ഉപദേശത്തോടെ സി.പി.ഐയെ യു.ഡി.എഫിലേക്ക് കൺവീനർ അടൂർ പ്രകാശ് ക്ഷണിച്ചതും കൗതുകമുയർത്തി.
വ്യാഴാഴ്ച രാത്രിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.വാസുകി പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടെന്ന വാർത്ത പുറത്തു വന്നത്. പി.എം.ശ്രീ യെ ശക്തമായി എതിർക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ച ദിവസം തന്നെ ഒപ്പിടൽ വാർത്ത വന്നതോടെ സി.പി.ഐ അന്ധാളിച്ചു. അടിയന്തര ചർച്ച നടത്താൻ സെക്രട്ടേറിയേറ്റ് യോഗം ഓൺലൈനിൽ വിളിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ,പദ്ധതിയിൽ ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചൂ. തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ വാർത്താ സമ്മേളനത്തിൽ,,എൻ.ഇ.പി സിലബസ് കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞത് സി.പി.ഐ ക്ക് അശ്വാസമായി .ഒടുവിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാർത്താ സമ്മേളനം. 'കൂട്ടുത്തരവാദിത്വമില്ലാത്ത സർക്കാർ എന്ത് സർക്കാരാണെന്ന് ' ചോദിച്ച ബിനോയ് വിശ്വം,. 27 ന് എക്സിക്യുട്ടീവ് യോഗം ചേർന്ന് അനന്തര നടപടികൾ ആലോചിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് അന്തരീക്ഷത്തിന് അയവു വന്നത്.
സംഭവ
പരമ്പര
വ്യാഴം രാത്രി 9 മണി - പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടുവെന്ന വാർത്ത പുറത്തുവന്നു രാത്രി 10: അടിയന്തര സെക്രട്ടേറിയേറ്റ് യോഗം കൂടാൻ സി.പി.ഐ
ഇന്നലെ രാവിലെ 11 - പി.എം.ശ്രീയിലെ സർക്കാരിന്റെ നയം മാറ്റത്തിനെതിരെ സി.പി.ഐ ദ ജനറൽ സെക്രട്ടറിക്ക് സംസ്ഥാന സെക്രട്ടറിയുടെ കത്ത്
12 മണി- അടിയന്തര ഓൺലൈൻ സെക്രട്ടേറിയേറ്റ് .തുടർന്ന് എൽ.ഡി.എഫ് കൺവീനർക്ക് കത്ത്
3 ന് - സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാർത്താ സമ്മേളനം
4 ന് - വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താ സമ്മേളനം
5 ന് ബിനോയ് വിശ്വം മാദ്ധ്യമങ്ങളെ കാണുന്നു .