സാധാരണ കുടുംബത്തിൽ ജനനം, ഇന്ന് കോടീശ്വരൻ
കോട്ടയം: പെരുന്നയിലെ ഒരു സാധാരണ പലചരക്കുവ്യാപാരിയുടെ മകനായി ജനിച്ച മുരാരിബാബു ഇന്ന് കോടീശ്വരനാണ്. ഇരുനില മാളിക, വലിയ ഭൂസ്വത്ത്, ബാങ്ക് ബാലൻസ് അടക്കം കോടികളുടെ ആസ്തി. ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോയെന്ന ചോദ്യമാണ് മുരാരിക്കെതിരെ ഇപ്പോൾ ഉയരുന്നത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ മുരാരിയുടെ പെരുന്നയിലെ വീട്ടിൽ പരിശോധന നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പാസായ മുരാരി ബാബു, കെ.എ.പി ലിസ്റ്റിൽ ഉൾപ്പെട്ട് പരിശീലനത്തിനെത്തിയെങ്കിലും പൂർത്തിയാക്കാതെ ക്യാമ്പ് വിട്ടു. തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സെക്യൂരിറ്റി കം ഗൺമാനായി താത്കാലിക ജോലി നേടി. എൻ.എസ്.എസ് പ്രതിനിധി ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് മുരാരിയെ സ്ഥിരപ്പെടുത്തിയത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ക്ലാർക്കായി തുടങ്ങി, ഒടുവിൽ ശബരിമല അഡ്മിനിസ്ടേറ്റീവ് ഓഫീസർ വരെയായി.
വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിൽ സ്പെഷ്യൽ ഓഫീസർ ആയിരിക്കെ ആന എഴുന്നള്ളിപ്പ് ക്വട്ടേഷൻ പിടിക്കൽ, പൂജാനടത്തിപ്പിലെ തട്ടിപ്പ് അടക്കം സാമ്പത്തികതിരിമറി ആരോപണങ്ങൾക്ക് വിധേയനായി. എന്നാൽ, സി.പി.എം യൂണിയൻ അംഗം, കരയോഗം നേതാവ് എന്നീ നിലകളിലുള്ള സ്വാധീനത്താൽ കേസിൽ കുടുങ്ങാതെ രക്ഷപെട്ടു. അവിടെ നിന്നാണ് ശബരിമല സ്വർണപ്പാളി തട്ടിപ്പിൽ കുടുങ്ങിയത്. കേസിൽ പ്രതിയായതോടെ പെരുന്ന എൻ.എസ്.എസ് കരയോഗ ഭാരവാഹിത്വത്തിൽ നിന്ന് മുരാരിയെ ഒഴിവാക്കിയിരുന്നു.
ഏഴര പൊന്നാനയെ
മുക്കാനും ശ്രമം
തിരുവിതാംകൂർ രാജകുടുംബം ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടയ്ക്കുവച്ച പ്രസിദ്ധമായ ഏഴര പൊന്നാനയ്ക്ക് കേടുപാടുണ്ടായെന്നും പുറത്തു കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്താൻ ശ്രമിച്ചതും മുരാരി ജോലി ചെയ്ത കാലയളവിലായിരുന്നു. അന്ന് ഭക്തജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇത് നടന്നില്ല. ഏറ്റുമാനൂരിൽ സ്വർണ രുദ്രാക്ഷമാല കാണാതായതും അപ്പോഴാണ്.
.