ജർമ്മനിയുമായി സഹകരണം ശക്തമാക്കും, ഭാഷാപഠന സൗകര്യം വർദ്ധിപ്പിക്കും

Saturday 25 October 2025 1:15 AM IST

തിരുവനന്തപുരം:നിക്ഷേപ,നൈപുണ്യവികസന മേഖലയിൽ ജർമ്മനിയുമായി കൂടുതൽ സഹകരണത്തിന് കേരളം.സംസ്ഥാനത്തെത്തിയ ജർമ്മൻ സംഘവുമായി മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻകുട്ടി എന്നിവർ നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനം. തൊഴിൽനൈപുണ്യം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് ജർമ്മനിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനും സംസ്ഥാനത്ത് ജർമ്മൻ ഭാഷാപഠനത്തിന് കൂടുതൽ സൗകര്യങ്ങളൊരുക്കാനും ധാരണയായി.ഗോയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒ.എസ്.ഡി.എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിലവിൽ ജർമ്മൻഭാഷാപഠനത്തിന് സംവിധാനങ്ങളുണ്ട്.കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെത്തിയ ജർമ്മൻ കോൺസൽ ജനറൽ എകിം ബുർകാട്ടിന്റെ നേതൃത്വത്തിൽ 27ജർമൻ പ്രതിനിധികളാണ് മന്ത്രിമാരുമായി ചർച്ച നടത്തിയത്. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ്, കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ് മാനേജിംഗ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.