ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ 156 കോടി രൂപ

Saturday 25 October 2025 1:26 AM IST

മലപ്പുറം: അവകാശികളില്ലാതെ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 156 കോടി രൂപ. 7.46 ലക്ഷം അക്കൗണ്ടുകളിലാണ് ഇത്രയും തുക പത്ത് വർഷത്തിലധികമായി ആരും അവകാശം ഉന്നയിക്കാതെ കിടക്കുന്നത്. നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷ്വറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്ചൽ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങൾ കൂടി വരുന്നതോടെ തുക ഇനിയും വർദ്ധിക്കും. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ആർ.ബി.ഐയിലേക്കും ക്ലെയിം ചെയ്യാത്ത ഓഹരികളും ലാഭവിഹിതങ്ങളും കോർപ്പറേറ്റ് കാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കും (ഐ.ഇ.പി.എഫ്) മാറ്റുകയാണ് ചെയ്യുന്നത്. ഈ തുക അവകാശികൾക്ക് തിരികെ നൽകുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.

കൺഫ്യൂഷൻ വേണ്ട,​ ഉദ്കമുണ്ട്

ക്ലെയിം ചെയ്യാതെ കിടക്കുന്ന തുകകൾ സംബന്ധിച്ച സംശയം തോന്നിയാൽ ഇക്കാര്യം അക്കൗണ്ട് ഉടമയുടെ ബന്ധുക്കൾക്ക് ഉറപ്പിക്കാനായി ഉദ്കം പോർട്ടൽ റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.udgam.rbi.org.in.

  • ആദ്യം ഉദ്ഗം പോർട്ടലിൽ രജിസ്റ്റ‌ർ ചെയ്യണം. പോർട്ടലിൽ പ്രവേശിച്ച് അക്കൗണ്ട് ഉടമയുടെ പേര്, പാൻ, വോട്ട‌ർ ഐഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ജനന തീയതി തുടങ്ങിയ രേഖകൾ നൽകി ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ തിരയാം.
  • തിരയുന്നവർക്ക് അൺക്ളെയിംഡ് ഡെപോസിറ്റ് റെഫറൻസ് നമ്പർ (UDRN) ലഭിക്കും. ബാങ്കുകളിൽ നിന്ന് തുക സുരക്ഷിതമായി തിരിച്ചു വാങ്ങുന്നതിന് ഈ നമ്പറാണ് ഉപയോഗിക്കേണ്ടത്.
  • രാജ്യത്ത് അവകാശികളില്ലാതെ 30 ലേറെ ബാങ്കുകളിലുൾപ്പടെ കുടുങ്ങിക്കിടക്കുന്ന എല്ലാ ആസ്തികളുടെയും വിവരങ്ങൾ ഉദ്ഗം പോർട്ടലിൽ അറിയാം.

നേരിട്ടറിയാൻ മലപ്പുറത്ത് വരൂ

പണം തിരികെ കിട്ടാനുള്ള നടപടികൾ പരിചയപ്പെടുത്തുന്നതിന് നവംബർ 3ന് രാവിലെ 10.30ന് മലപ്പുറം ടൗൺഹാളിൽ ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ആർ.ബി.ഐ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻ‌ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി(സെബി) എന്നീ പ്രധാന ധനകാര്യനിയന്ത്രണ ഏജൻസികൾ ക്യാമ്പിൽ പങ്കെടുക്കും. സഹായ കൗണ്ടറുകളുണ്ടാവും.

ബാങ്കിൽ നൽകിയ അഡ്രസിൽ ബന്ധപ്പെടാനും വിവരങ്ങൾ കൈമാറാനും ശ്രമിക്കുന്നുണ്ട്. മൊബൈൽ ഫോൺ അത്രത്തോളം പ്രചാരത്തിൽ വന്നിട്ടില്ലാത്ത സമയത്തുള്ള അക്കൗണ്ട് ഉടമകളുടെ ബന്ധുക്കളെ വിവരമറിയിക്കുക പ്രയാസകരമാണ്. പണം നിക്ഷേപിച്ച വിവരങ്ങൾ പല അക്കൗണ്ട് ഉടമകളും ബന്ധുക്കളെ അറിയിച്ചിട്ടുണ്ടാവില്ല.

എം.വി അഞ്ജനദേവ്,​ ലീഡ് ബാങ്ക് ജില്ലാ മാനേജർ

ബാങ്ക് അക്കൗണ്ടുകളിൽ നോമിനിയുടെ പേര് ചേർത്താൽ തുകയുടെ അവകാശം സംബന്ധിച്ച പ്രശ്നങ്ങളുണ്ടാവില്ല. ഇതല്ലെങ്കിൽ ലീഗൽ ഹയർ സർട്ടിഫിക്കറ്റ് (നിയമപരകമായ അവകാശി)​ ഹാജരാക്കേണ്ടിവരും.

സി.ആർ. ബിനോയ് . മാനേജർ,​ ലീഡ് ബാങ്ക്