പി.എം ശ്രീ: വിവരം ലഭ്യമല്ല, കത്തു നൽകി സി.പി.ഐ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി സംബന്ധിച്ച് മുന്നണിയിലെ പാർട്ടികൾക്കോ മന്ത്രിമാർക്കോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടതുമുന്നണി കൺവീനർക്ക് കത്ത് നൽകി. ഇക്കാര്യത്തിൽ അടിയന്തരമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കത്തിൽ പറയുന്നത്
പി.എം ശ്രീ സംബന്ധമായ വിഷയങ്ങളിൽ സമ്പൂർണമായ അവ്യക്തതയാണ് പുറത്തുവരുന്നത്. എം.ഒ.യു ഒപ്പുവച്ചു എന്നുവരെയാണ് വാർത്തകൾ. എന്നാൽ, മുന്നണിയിലെ പാർട്ടികൾക്കോ സർക്കാരിലെ മന്ത്രിമാർക്കോ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ വർഷം ഡിസംബർ നാലിനും ഇൗ വർഷം ഏപ്രിൽ ഒൻപതിനും മന്ത്രിസഭയിൽ വന്നെങ്കിലും നയപരമായ വ്യക്തതയ്ക്കുവേണ്ടി മാറ്റിവച്ച വിഷയമാണ് പി.എം ശ്രീ.
വിദ്യാഭ്യാസരംഗത്ത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുംവിധമാണ് കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അത്തരമൊരു കരാറിൽ കേരള സർക്കാർ പങ്കാളിയാകുമെന്ന് വിശ്വസി ക്കാൻ പ്രയാസമുണ്ട്. അതുകൊണ്ടാണ്, പുറത്തു വരുന്ന വാർത്തകൾ സത്യമാണെങ്കിൽ അത് മുന്നണി മര്യാദകളുടെ കടുത്ത ലംഘനമാണെന്ന് സി.പി.ഐ പറയുന്നത്. നയപരമായ വിഷയങ്ങളിൽ മുന്നണിയിൽ ചർച്ച വേണമെന്നാണ് എൽ.ഡി.എഫിന്റെ പൊതുകാഴ്‌ചപ്പാട്. അത് ലംഘിക്കപ്പെട്ടു കൂടാത്തതാണ്.
പി.എം ശ്രീയെ സംബന്ധിച്ച് എന്താണ് സംഭവിക്കുന്നതെന്ന് മുന്നണിയിലെ ഘടകകക്ഷികൾക്ക് അറിയാൻ അവകാശമുണ്ട്. അതില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ എൽ.ഡി.എഫിന്റെ മൗലിക രാഷ്ട്രീയ സമീപനങ്ങൾക്ക് നിരക്കാത്തതും ആർ.എസ്.എസ് - ബി.ജെ.പി താത്പര്യങ്ങൾക്ക് അനുരോധവും ആണെങ്കിൽ അത് പുനഃപരിശോധിക്കപ്പെടേണ്ടതാണ്.