പി.എം.ശ്രീയിൽ നിന്ന് പിൻമാറണം : ഡി.രാജ
ന്യൂഡൽഹി: മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളെ അറിയിക്കാതെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിട്ടതിലെ പ്രതിഷേധം സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയെ അറിയിച്ച് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. ഇന്നലെ ഡൽഹിയിൽ നടന്ന സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കേരള സർക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ഡി. രാജ പറഞ്ഞു. ആ തീരുമാനത്തിൽ നിന്ന് പിന്മാറണം. ഇക്കാര്യം എം.എ.ബേബിയെ കത്തിലൂടെ അറിയിച്ചു. അദ്ദേഹവുമായി വിഷയം ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കാണും. കേരളത്തിൽ നിന്നുള്ള പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും സംസ്ഥാന സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിവരം ദേശീയ സെക്രട്ടേറിയറ്റിനെ അറിയിച്ചു. വിദ്യാഭ്യാസ മേഖലയെ വർഗീയ വത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബി.ജെ.പി ആർ.എസ്.എസ് അജണ്ടയാണ് ദേശീയ വിദ്യാഭ്യാസ പദ്ധതിയെന്നും അതിനായി തയ്യാറാക്കിയ പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കാനാകില്ലെന്നും ഡി.രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നതാണ് ഇടത് പാർട്ടികളുടെ നിലപാട്. സർക്കാർ സമ്മർദ്ദത്തിന് വഴങ്ങരുത്.നിലപാട് മാറ്റിയെന്ന ശിവൻകുട്ടിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം എം.എ.ബേബി സ്ഥിരീകരിക്കട്ടെ എന്ന് രാജ പ്രതികരിച്ചു.
പി.എം. ശ്രീ നടപ്പാക്കാൻ തീരുമാനിച്ച സർക്കാർ നടപടി ഗോളി തന്നെ സെൽഫ് ഗോൾ അടിച്ചതുപോലെയാണെന്ന് പി. സന്തോഷ് കുമാർ പറഞ്ഞു. തലയിൽ മുണ്ടിട്ട് ഒപ്പിട്ടവർ തന്നെ അക്കാര്യം വിശദമാക്കണമെന്നും അദ്ദേഹം പറഞ്ഞു.