അപമാനം സഹിച്ച് സി.പി.ഐ തുടരണോ?: വി.ഡി. സതീശൻ

Saturday 25 October 2025 1:38 AM IST

കൊച്ചി: അപമാനവും നാണക്കേടും സഹിച്ച് എൽ.ഡി.എഫിൽ തുടരണമോയെന്ന് സി.പി.ഐ തീരുമാനിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സി.പി.ഐ ഇനി എൽ.ഡി.എഫിൽ നിൽക്കുന്നതിൽ അർത്ഥമില്ല. സി.പി.ഐ രാഷ്ട്രീയ നിലപാട് തീരുമാനിക്കുമ്പോൾ യു.ഡി.എഫ് അഭിപ്രായം പറയാമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാടും കാറ്റിൽപ്പറത്തിയാണ് പി.എം.ശ്രീയിൽ ഒപ്പിട്ടത്. എം.എ. ബേബി പറഞ്ഞതല്ല നടന്നത്. സംസ്ഥാന കമ്മിറ്റി നിയന്ത്രിക്കുന്ന കേന്ദ്ര കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്ക് മുകളിൽ കേന്ദ്ര കമ്മിറ്റിയില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് നിലപാടിൽ വെള്ളം ചേർക്കുകയും മലക്കം മറിയുകയും ചെയ്തത്.

മന്ത്രിസഭയിലോ എൽ.ഡി.എഫിലോ ചർച്ചചെയ്തില്ല. എന്ത് സി.പി.ഐ, ഏത് സി.പി.ഐ എന്നാണ് സി.പി.എം ചോദിച്ചത്.ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കാൻ സർക്കാർ തയ്യാറായില്ല.

കരാർമൂലം പൊതുവിദ്യാഭ്യാസരംഗത്ത് രണ്ടുതരം സ്‌കൂളുകളുണ്ടാകും. ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കും. ആയുഷ്‌മാൻ ആരോഗ്യപദ്ധതിയിലും ഇതേ സമീപനമായിരുന്നു. സി.പിഎമ്മിന്റെ വാദമുഖങ്ങൾ ഇല്ലാതായി. നിലപാടിൽ വെള്ളം ചേർത്തു. സി.പി.എമ്മിന് സി.പി.ഐയേക്കാൾ വലുത് ബി.ജെ.പിയാണ്. മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ ഭയമാണ്.കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വിവാദവ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഒപ്പിട്ടത്. പുതിയവ്യവസ്ഥകൾ വരുന്നതിന് മുമ്പാണ് കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പണം വാങ്ങിയതെന്നും സതീശൻ പറഞ്ഞു.