ജില്ലയിൽ നാല് വീടുകൾ തകർന്നു: തുലാവർഷം തുള്ളിക്കൊരുകുടം

Saturday 25 October 2025 1:47 AM IST

 28 വരെ യെല്ലോ അലർട്ട്

കൊല്ലം: ഇടവിട്ട് പെയ്ത ശക്തമായ തുലാമഴയിൽ ജില്ലയിൽ നാല് വീടുകൾ തകർന്നു. കൊല്ലം താലൂക്കിൽ രണ്ടും, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിൽ ഒന്ന് വീതവുമാണ് തകർന്നത്. 1.85 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീടുകൾ തകർന്നത് കൂടാതെ വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയും ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.

ശക്തമായ മഴ കണക്കിലെടുത്ത് ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും നിലവിൽ ക്യാമ്പ് തുറക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പന്മന മടപ്പള്ളിയിൽ തെങ്ങ് കടപുഴകി. എസ്.ബി.ഐ കൊല്ലം ശാഖയുടെ എതിർവശം നിന്നിരുന്ന ഹോ‌ർഡിംഗ് പമ്പിന് മുകളിലേക്ക് തകർന്ന് വീണു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പ്രത്യേക ജാഗ്രത വേണം

 ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാലൽ പ്രത്യേക ജാഗ്രത പാലിക്കണം

 ദുരന്തസാദ്ധ്യതാ മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കണം

 നദികളിലോ ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്

 മഴ ശക്തമാകുന്ന അവസരങ്ങളിൽ യാത്രകൾ ഒഴിവാക്കുക

 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണം

ഇന്നലെ ലഭിച്ച മഴ

കൊല്ലം- 40 മില്ലി മീറ്റർ

ആര്യങ്കാവ്- 64 മില്ലി മീറ്റർ

പുനലൂർ - 26 മില്ലി മീറ്റർ

പാരിപ്പള്ളി-71.5മില്ലി മീറ്റർ

ചവറ- 74.5 മില്ലി മീറ്റർ

തെന്മല- 28 മില്ലി മീറ്റർ

സഹായങ്ങൾക്ക് - 1070

വൈദ്യുതി ലൈൻ അപകടം-1056

കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800

കെ.എസ്.ഇ.ബി കൺട്രോൾ റൂം-1912