ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ ശബരിമലയിലെ സ്വർണം കണ്ടെത്തി; ബെല്ലാരിയിലെ ജുവലറിയിൽ സൂക്ഷിച്ചിരുന്നത് സ്വർണക്കട്ടികളായി

Saturday 25 October 2025 8:07 AM IST

ബെല്ലാരി: ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ വൈകിട്ട് ഗോവർദ്ധന്റെ ജുവലറിയിൽ നിന്നാണ് സ്വർണം കിട്ടിയത്. എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർദ്ധന്റെയും സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്.

500 ഗ്രാമിന് മുകളിലുള്ള സ്വർണക്കട്ടികളാണ് ലഭിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റി തനിക്ക് സ്വർണം വിറ്റിരുന്നതായി ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്തുള്ള വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തി.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.