ഒറ്റദിവസം കൊണ്ട് 920 രൂപ കൂടി; സ്വർണവിലയിൽ വീണ്ടും ആശങ്ക, ആഭരണം വാങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വരും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസത്തെ ആശ്വാസത്തിനുശേഷം സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 920 രൂപ കൂടി 92,120 രൂപയും ഗ്രാമിന് 115 രൂപ കൂടി 11,515 രൂപയുമായി. ഇന്നലെ പവന് 91,200 രൂപയും ഗ്രാമിന് 11,400 രൂപയുമായിരുന്നു. ഒക്‌ടോബർ 21നുശേഷം സ്വർണവിലയിൽ വലിയ രീതിയിലുളള ഇടിവ് സംഭവിച്ചിരുന്നു.
ഈ മാസത്തെ ഇതുവരെയുളള ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ 17, 21 തീയതികളിലായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ഈ ദിവസങ്ങളിലെ സ്വർണനിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പവന് 5,240 രൂപയുടെയുംം ഗ്രാമിന് 655 രൂപയുടെയും കുറവും സംഭവിച്ചിട്ടുണ്ട്. ഇതോടെ പവൻ വില ഒരു ലക്ഷം കടക്കുമെന്ന പ്രവചനങ്ങളും അനിശ്ചിതത്വത്തിൽ തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ ഇന്ന് ഔൺസ് സ്വര്‍ണത്തിന്റെ വില 4,112 ഡോളറാണ്. ഡോളര്‍ സൂചിക 98.94 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം 87.82 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യം ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. റഷ്യക്കെതിരായ അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമാണ് വിപണിയിൽ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇന്ത്യയുമായും ചൈനയുമായുമുള്ള വ്യാപാര തര്‍ക്കത്തില്‍ പരിഹാരമുണ്ടാകുമെന്ന തോന്നലുണ്ടാക്കിയത് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ റഷ്യയുമായുള്ള വ്യാപാര സംഘർഷത്തിലും പുതിയ പ്രതിസന്ധിയുണ്ടായിട്ടുണ്ട്.
അതേസമയം, ഇന്ന് സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 170 രൂപയും കിലോഗ്രാമിന് 1,70,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.