ശബരിമലയിലെ സ്വർണക്കൊളളയിൽ കൂടുതൽ നടപടി, ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ അമിക്കസ് ക്യൂറിയുടെ പരിശോധന

Saturday 25 October 2025 11:17 AM IST

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് ആറന്മുളയിൽ അമിക്കസ് ക്യൂറിയുടെ പരിശോധന പുരോഗമിക്കുന്നു. ദേവസ്വം ബോർഡിന്റെ പ്രധാന സ്‌ട്രോംഗ് റൂം ആറന്മുളയിലാണുളളത്. ജസ്​റ്റിസ് കെ ടി ശങ്കരനും തിരുവാഭരണ കമ്മീഷണറും അടങ്ങുന്ന സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും അമിക്കസ് ക്യൂറി പരിശോധനയ്ക്കായി എത്തിയിരുന്നു.

ശബരിമലയിൽ വിലപിടിപ്പുളള വസ്തുക്കൾ കാണിക്കയായി ലഭിച്ചാൽ പ്രധാനമായും ആറന്മുളയിലെ അതീവ സുരക്ഷയുളള സ്‌ട്രോംഗ് റൂമിലേക്കാണ് മാ​റ്റാറുളളത്. വസ്തുക്കളുടെ കണക്കെടുപ്പാണ് ഹൈക്കോടതി നിയോഗിച്ച ജസ്​റ്റിസ് കെ ടി ശങ്കരനും സംഘവും നടത്തുന്നത്. സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നതിനു പിന്നാലെയാണ് നീക്കം.

ഇവിടെയുണ്ടായിരുന്ന അമൂല്യ വസ്തുക്കളിൽ എന്തെങ്കിലും കുറവുളളതായി കണ്ടെത്തുകയാണെങ്കിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനാണ് കോടതിയുടെ തീരുമാനം. ശബരിമലയിൽ ഭക്തർ വിലപിടിപ്പുളള വസ്തുക്കൾ സമർപ്പിച്ചാൽ മഹസർ എഴുതി ഏഴ് ദിവസത്തിനുളളിൽ അവ സ്‌ട്രോംഗ് റൂമിലേക്ക് മാ​റ്റണമെന്നാണ് ചട്ടം. ഈ വിഷയങ്ങളിലടക്കം പരിശോധന നടത്തും. കഴിഞ്ഞ കുറേ കാലമായി ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ കണക്കെടുപ്പ് നടന്നിരുന്നില്ല.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. സ്വർണക്കൊള്ള മറച്ചുവയ്ക്കാനാണ് ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ ഇരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. ബോർഡിന് പറ്റിയ തെറ്റാണതെന്ന് മനസിലാക്കി ബന്ധപ്പെട്ട അധികാരികൾക്ക് ദേവസ്വം ബോർഡ് വിശദീകരണ നോട്ടീസ് നൽകുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.