പുറത്തിറങ്ങുന്ന പ്രവാസികളടക്കം ശ്രദ്ധിക്കണം; പുതിയ നിർദേശവുമായി ഷാർജ പൊലീസ്, പിഴ ഇത്ര

Saturday 25 October 2025 12:26 PM IST

അബുദാബി: യുഎഇയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമായ ഷാർജയിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഷാർജ പൊലീസ്. നവംബർ ഒന്ന് മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. മോട്ടോർ ബൈക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ഗതാഗത നിയന്ത്രണം ഷാർജ പൊലീസ് ഏറ്റെടുക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഷാർജ പൊലീസിന്റെ ജനറൽ കമാൻഡ് വ്യക്തമാക്കി.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പിന്തുണയോടെയാണ് പുതിയ ഗതാഗത സംവിധാനം നടപ്പിലാക്കുന്നത്. ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള മോട്ടോർ സൈക്കിളുകൾക്കുമായി പ്രത്യേക പാതകൾ അനുവദിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.

വലതുവശത്ത് ഏറ്റവും അറ്റത്തുള്ള പാത ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും മാത്രമായി നീക്കിവച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മോട്ടോർ ബൈക്ക് യാത്രക്കാർക്ക് ഇടതുവശത്തെ അറ്റത്തുള്ള അതിവേഗ പാതകൾ ഉപയോഗിക്കാൻ അനുവാദമില്ല. നാലുവരി റോഡുകളിൽ വലതുവശത്തെ ഏറ്റവും അറ്റത്തുള്ള രണ്ട് പാതകളിൽ അവർക്ക് സഞ്ചരിക്കാം. മൂന്ന് വരി റോഡുകളിൽ, ഗതാഗത നിയമങ്ങൾ അനുസരിച്ച്, അവർക്ക് മദ്ധ്യഭാഗമോ വലത് പാതയോ ഉപയോഗിക്കാം. രണ്ട് വരി റോഡുകളിൽ വലത് പാത മാത്രമേ ഉപയോഗിക്കാനാകൂ.

പുതിയ ഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിനായി റഡാറുകൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. നിയുക്ത റൂട്ടുകളും ഗതാഗത നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്മാർട്ട് ക്യാമറ സംവിധാനങ്ങൾ വിന്യസിക്കും. ചരക്ക് വാഹനം നിർബന്ധിത റൂട്ട് പാലിച്ചില്ലെങ്കിൽ 1,500 ദിർഹം പിഴയൊടുക്കേണ്ടി വരും. മാത്രമല്ല, 12 ട്രാഫിക് പോയിന്റുകൾ നഷ്ടമാവുകയും ചെയ്യും. ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിച്ചില്ലെങ്കിൽ 500 ദിർഹം പിഴയും പുതിയ സംവിധാനത്തിൽ വ്യവസ്ഥ ചെയ്യുന്നു.