പിഎം ശ്രീ കരാറിൽ ഒപ്പിട്ടത് അതീവ രഹസ്യമായി; സിപിഎമ്മിന്റെ മന്ത്രിമാരും മുതിർന്ന നേതാക്കളും അറിഞ്ഞില്ല?

Saturday 25 October 2025 1:31 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. കരാറിൽ ഒപ്പുവയ്‌ക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും അറിഞ്ഞിട്ടില്ല. സിപിഎം മന്ത്രിമാർ ഇക്കാര്യം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് സർക്കാരിന്റെ തീരുമാനം എന്നാണ് വിവരം.

അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് അനുനയ നീക്കങ്ങൾക്ക് സിപിഎം തയ്യാറായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സിപിഐ നേതൃത്വവുമായി ചർച്ച നടത്തുകയാണ്. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണുന്നത്. സിപിഎം നിർദേശപ്രകാരമാണ് അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തിൽ സിപിഐ കുറ്റപ്പെടുത്തുന്നത്. അതേമന്ത്രിയെക്കൊണ്ട് തന്നെ അനുനയത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.