കലുങ്ക് സംവാദത്തിന് തിരിച്ചടിയായി വിവാദങ്ങൾ, പഴയ 'എസ് ജി കോഫി ടൈംസ്' പരിപാടി ആരംഭിക്കാനൊരുങ്ങി സുരേഷ് ഗോപി

Saturday 25 October 2025 2:36 PM IST

തൃശൂർ: ബിജെപിയുടെ കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ 'എസ് ജി കോഫി ടൈംസ്' എന്ന പരിപാടി വീണ്ടും ആരംഭിക്കാനൊരുങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കലുങ്ക് സംവാദ പരിപാടിയിലെ വിവാദങ്ങൾ തിരിച്ചടിയായെന്ന് ബിജെപിക്കുള്ളിൽ വിമർശനം ഉയർന്നതിനുപിന്നാലെയാണ് പുതിയ മാറ്റം. തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലും എസ് ജി കോഫി ടൈംസിന്റെ ആദ്യപരിപാടി നടക്കുമെന്നാണ് വിവരം.

കലുങ്ക് സംവാദങ്ങൾക്കിടയിൽ സുരേഷ് ഗോപി നിരന്തരം ഉപയോഗിച്ചിരുന്ന 'പ്രജകൾ' എന്ന പരാമർശം വൻതോതിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പരിപാടിക്കെതിരെ പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് എസ് ജി കോഫി ടൈസ് പുനഃരാരംഭിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വിവിധ മണ്ഡലങ്ങളിൽ പോയി കലുങ്ക് സഭയുടെ സമാന രീതിയിൽ എസ് ജി കോഫി ടൈംസ് എന്ന പേരിൽ സുരേഷ് ഗോപി പരിപാടി സംഘടിപ്പിച്ചിരുന്നു. ആളുകളുമായി സംവദിക്കുകയും കാര്യങ്ങൾ അറിയാനും പൊതുയിടങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി പദത്തിലെത്തിയതിനുശേഷം പരിപാടി നിർത്തിവച്ചിരിക്കുകയായിരുന്നു. ശേഷം കലുങ്ക് സംവാദം എന്ന പേരിൽ ആളുകളുമായി സംവദിക്കുകയായിരുന്നു.