പി.എം ശ്രീ;സർക്കാർ കേരളത്തെ കബളിപ്പിച്ചു: സതീശൻ
കൊച്ചി: പി.എം ശ്രീ പദ്ധതിയിലെ ഒപ്പുവയ്ക്കൽ കേരളത്തെ കബളിപ്പിക്കലാണെന്നും സി.പി.ഐ മന്ത്രിമാർ രാജിവയ്ക്കുന്നതാണ് നല്ലതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭയിലോ എൽ.ഡി.എഫിലോ ചർച്ചചെയ്തില്ല. സി.പി.എം ദേശീയ സെക്രട്ടറി എം.എ. ബേബിപോലും ഇതറിഞ്ഞിട്ടില്ല. ഇത്ര രഹസ്യമായി പി.എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള ദുരൂഹത മറനീക്കി പുറത്തുവരണം. വരാപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സതീശൻ.
കരാർ ഒപ്പുവച്ചത് ഒക്ടോബർ 16നെന്നാണ് രേഖകൾ. 10നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും അമിത്ഷായെയും കണ്ടത്. 22ന് മന്ത്രിസഭാ യോഗത്തിൽ റവന്യൂമന്ത്രി കെ. രാജൻ പി.എം ശ്രീ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടപ്പോഴും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടിയില്ല.
മെസി ചതിച്ചാശാനെ എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. വന്നാൽ നല്ലത്. മെസി വരുന്നതും രാഷ്ട്രീയ പ്രചാരമാക്കി. അങ്ങനെയെങ്കിൽ വരാത്തതിന്റെ ഉത്തരവാദിത്വവും അവർ ഏറ്റെടുക്കണമെന്നും സതീശൻ അഭിപ്രായപ്പെട്ടു.