ചാക്കോച്ചൻ വധക്കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം: ക്രൂര കൊലപാതകമെന്ന് കോടതി
കണ്ണൂർ:പെരിങ്ങോം വയക്കരയിലെ മൂളിപ്രയിലെ ചാക്കോച്ചൻ വധക്കേസിൽ പ്രതിയായ ഭാര്യ റോസമ്മയ്ക്ക് (62) തളിപ്പറമ്പ് അഡി. സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.കൃത്യത്തിന് ശേഷം മൃതദേഹം റോഡിലേക്ക് വലിച്ചുകൊണ്ടുപോകുകയും ആയുധം ഒളിപ്പിക്കുകയും ചെയ്ത പ്രതി ദയ അർഹിക്കുന്നില്ല.പ്രായാധിക്യവും അവശതകളുമുണ്ടെങ്കിലും ക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2013 ജൂലായ് ആറിന് പുലർച്ചെയാണ് വീടിനടുത്ത റോഡരികിൽ തലച്ചോർ പുറത്തുവന്ന നിലയിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്.തലേന്ന് രാത്രി റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ ഇരുമ്പ് വടിയുപയോഗിച്ച് ഏഴ് തവണ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിച്ചിരുന്നു.മൃതദേഹം 30 മീറ്ററോളം ദൂരെയുള്ള റോഡിലക്ക് വലിച്ചിച്ച് എത്തിച്ചതാണെന്നും അന്വേഷണസംഘം കണ്ടെത്തി.പെരിങ്ങോം പൊലീസാണ് കേസന്വേഷിച്ചത്.
പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്ന ചാക്കോച്ചന്റെ പേരിലുള്ള വീടും സ്ഥലവും തന്റെയും മകന്റെയും പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് റോസമ്മ വഴക്കടിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ റോസമ്മയുടെ മകനെ കേസിൽ നിന്നും ഒഴിവാക്കിയിരുന്നു.കേസിലെ 24 സാക്ഷികളിൽ 16 പേരെ വിസ്തരിക്കുകയും 29 രേഖകളും ഹാജരാക്കി.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശനാണ് ഹാജരായത്.തളിപ്പറമ്പിൽ അഡീ.സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസാണിത്.