സ്വർണക്കൊള്ള:ആറൻമുളയിൽ അമിക്കസ് ക്യൂറി പരിശോധന
കോഴഞ്ചേരി: ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി .ശങ്കരൻ ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്ട്രോങ് റൂമിൽ പരിശോധന തുടങ്ങി.
ശബരിമലയിലെ പരിശോധന പൂർത്തിയാക്കിയശേഷം ഇന്നലെ രാവിലെയാണ് ഇവിടെ എത്തിയത്.ശബരിമലയിൽ മണ്ഡലവിളക്കിന് ചാർത്തുന്ന തങ്കയങ്കിക്ക് പുറമേ, മറ്റ് ആഭരണങ്ങളും
സ്വർണം, വെള്ളി, ചെമ്പ് ഉരുപ്പടികളും പൂജാ പാത്രങ്ങളും സൂക്ഷിക്കുന്ന പ്രധാന സ്ട്രോങ് റൂമിലാണ് പരിശോധന. സ്വർണ ഉരുപ്പടികൾ മാത്രമേ പരിശോധിക്കുവെന്നാണ് വിവരം. തിരുവിതാകൂർ രാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മ സമർപ്പിച്ച തങ്കയങ്കി 451 പവൻ തങ്കത്തിലുള്ളതാണ്.
തിരുവാഭരണം കമ്മിഷണർ ആർ. റജിലാൽ, ദേവസ്വം സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത്, ദേവസ്വം വിജിലൻസ് എസ് .പി, ഡി. സുനിൽകുമാർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ രമ, എന്നിവരും ഒപ്പമുണ്ട്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തൻ വിഗ്രഹത്തിൽ ചാർത്താൻ വഴിപാടായി സമർപ്പിച്ച 58 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ഈ സ്വർണം സ്ട്രോങ് റൂമിലാണെന്നാണ് ദേവസ്വം ബോർഡ് പറഞ്ഞത്. ശബരിമലയിലെ പരിശോധനയിൽ രജിസ്റ്ററിലും മഹസറിലും സ്റ്റോക്കിലും വൈരുദ്ധ്യം കണ്ടെതായാണ് വിവരം.