ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എൽ.ഐ.സി

Sunday 26 October 2025 12:35 AM IST

അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപം വ്യക്തമായ പഠനത്തിന് ശേഷം

കൊച്ചി: അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തിൽ ബാഹ്യ ഏജൻസികളുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് രാജ്യത്തെ മുൻനിര പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) വ്യക്തമാക്കി. സ്വതന്ത്രവും പൊതുവായി അംഗീകരിക്കപ്പെട്ട നയ സമീപനത്തിന്റെയും ചുവടു പിടി്ച്ച വ്യക്തമായി പഠനം നടത്തിയതിനു ശേഷമാണ് എൽ.ഐ.സി നിക്ഷേപ തീരുമാനമെടുക്കുന്നതെന്നും കമ്പനി പത്രക്കുറിപ്പിൽ വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ടുമെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് അടക്കം മറ്റൊരു ഏജൻസികളും ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറില്ല.

അദാനി ഗ്രൂപ്പിൽ നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് വാഷിംഗ്ടൺ പോസ്‌റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കള്ളത്തരവും അടിസ്ഥാന രഹിതവും സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് എൽ.ഐ.സി വക്താവ് പറഞ്ഞു.

കേന്ദ്ര സർക്കാർ താത്പര്യമെടുത്ത് അനധികൃതമായി അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് എൽ.ഐ.സി 390 കോടി ഡോളർ നിക്ഷേപിച്ചുവെന്നാണ് വാഷിംഗ്ടൺ പോസ്‌റ്റ് ആരോപിച്ചത്.