പി.എം ശ്രീ കരാർ വ്യവസ്ഥകൾ പരിശോധിക്കും: ടി.പി. രാമകൃഷ്ണൻ

Sunday 26 October 2025 1:43 AM IST

കോഴിക്കോട്: പി.എം ശ്രീ കരാറിലെ വ്യവസ്ഥകൾ വിശദമായി പരിശോധിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വിഷയം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും സി.പി.ഐ ഉയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കരാർ ഒപ്പുവച്ചുകഴിഞ്ഞു. മുന്നണിയിലെ എല്ലാ പാർട്ടികൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ വലുപ്പച്ചെറുപ്പമില്ല. കേരളത്തിനെതിരായി എന്തെങ്കിലും കരാറിലുണ്ടോയെന്ന് പരിശോധിക്കും. എൽ.ഡി.എഫ് യോഗം ചേരുന്ന തിയതി തീരുമാനിച്ചിട്ടില്ല. എല്ലാവരുടെയും സൗകര്യം നോക്കി യോഗം ചേരും. എൻ.ഇ.പി കേരളത്തിൽ നടപ്പാക്കില്ല. പി.എം ശ്രീ വഴി കേരളത്തിലേക്ക് ദേശീയ വിദ്യാഭ്യാസനയം കടന്നുവരുന്നുണ്ടോ എന്ന് പരിശോധിക്കും. എസ്.എസ്.കെയുടെ പ്രവർത്തനം കേരളത്തിൽ സ്തംഭിച്ചിരിക്കുകയാണ്. ഇതിന് കേന്ദ്രസഹായം ലഭ്യമാകാനാണ് കരാറിൽ ഒപ്പിട്ടത്. വിദ്യാഭ്യാസമന്ത്രി ബിനോയ് വിശ്വത്തെ കണ്ടത് നല്ല കാര്യമാണ്.