അങ്കണവാടി നാടിന് സമർപ്പിച്ചു

Sunday 26 October 2025 1:52 AM IST

തിരുവല്ല : ഇരവിപേരൂർ പഞ്ചായത്ത് 11-ാം വാർഡിലെ 16-ാം അങ്കണവാടി നാടിന് സമർപ്പിച്ചു. 21വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അങ്കണവാടിയാണ്. പഞ്ചായത്തിന്റെ 'മനസോടെ ഇത്തിരി മണ്ണ്' പദ്ധതി പ്രകാരം അഞ്ചാലുംമൂട്ടിൽ ഏബ്രഹാം പുന്നൂസ് സൗജന്യമായി നൽകിയ 10 സെന്റിലെ മൂന്ന് സെന്റിലാണ് നിർമ്മിച്ചത്. ബാക്കി സ്ഥലത്ത് ലൈഫ് പദ്ധതിയിൽ രണ്ടു കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ നൽകി. ഗ്രാമപഞ്ചായത്ത് വിഹിതവും ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതവും ചേർത്ത് 20ലക്ഷം രൂപ മുടക്കി ഇടക്കുളം ലേബർ സർവീസ് സൊസൈറ്റി കരാറെടുത്ത് ആധുനിക സൗകര്യങ്ങളോടെ അങ്കണവാടി പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അങ്കണവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജിജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം.എസ് മോഹനൻ, അമിതാ രാജേഷ്, ജയശ്രീ ആർ, ജോസഫ് മാത്യു, അമ്മിണി ചാക്കോ, പ്രിയ വർഗീസ്, വിജി ബെന്നി,ഷെയർലി ജെയിംസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജയറാം, സി.ഡി.എസ് ചെയർപേഴ്സൺ സജിനി രാജൻ എന്നിവർ പങ്കെടുത്തു.