അങ്കണവാടികൾ ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി : മന്ത്രി വീണാ ജോർജ്

Sunday 26 October 2025 1:03 AM IST
നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ വാഴപ്പറമ്പിലെ 67ാം നമ്പർ സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവ്വഹിക്കുന്നു

തിരുവല്ല : സംസ്ഥാനത്തെ അങ്കണവാടികളെ ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാരിന് സാധിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ വാഴപ്പറമ്പിലെ 67-ാം സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഒട്ടേറെ അങ്കണവാടികളിൽ വകുപ്പുതല ഇടപെടലിൽ കൂടി വൈദ്യുതിയും ജല ലഭ്യതയും ഉറപ്പാക്കി. കേന്ദ്ര സർക്കാർ ഫണ്ട് 20 ലക്ഷം, ജില്ലാ പഞ്ചായത്ത് വിഹിതം 11 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം, പഞ്ചായത്ത് വിഹിതം പല പദ്ധതികളിലായി 5 ലക്ഷം രൂപയും ചേർത്താണ് നിർമ്മാണം. പൂർണമായി ശീതീകരിച്ച അങ്കണവാടിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാട്ടർ പ്യൂരിഫയർ, മാജിക്കൽ മാറ്റ്, സ്ലൈഡ്, സീസോ, അക്ഷരമാല ഡിജിറ്റൽ വൈദ്യുത ബോർഡുകൾ, ആകർഷകമായ ചുവർ ചിത്രങ്ങൾ എല്ലാം അങ്കണവാടിയെ വേറിട്ടതാക്കുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ടി പ്രസന്നകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ഡബ്ല്യു.ബി വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ എൻ.എസ്.ഗിരീഷ് കുമാർ, പ്രീതിമോൾ ജെ, ഷേർലി ഫിലിപ്പ്, അംഗങ്ങളായ തോമസ് ബേബി, വൈശാഖ് പി, ശ്യാംഗോപി, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ആശാമോൾ കെ.പി, ബാബു കല്ലുങ്കൽ, സിന്ധു ജിങ്ക ചാക്കോ എന്നിവർ പ്രസംഗിച്ചു. പൊടിയാടി എൽ.പി. സ്‌കൂളിൽ പ്രവർത്തിക്കുന്ന 66 -ാം അങ്കണവാടിക്കും കല്ലുങ്കൽ 125 ാം അങ്കണവാടിക്കും ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ അദ്ധ്യാപകരായ കെ.എൻ. പ്രസന്നകുമാരി, സുമി കെ.മാത്യു എന്നിവർ മന്ത്രി വീണാ ജോർജിൽ നിന്ന് ഏറ്റുവാങ്ങി.