സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു
Sunday 26 October 2025 12:25 AM IST
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താനായി സിവിൽ സപ്ളൈസ് കോർപ്പറേഷന് ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനും ഈ തുക പ്രയോജനപ്പെടും
ഈവർഷം ബഡ്ജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്.ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തുക മുഴുവൻ അനുവദിച്ചിരുന്നു.ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം ബഡ്ജറ്റിൽ 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാൽ,489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി.