കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യം:വൈസ് ചാൻസലർ
ചെറുതുരുത്തി: ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തിൽ വിശദീകരണവുമായി വൈസ് ചാൻസലർ ഡോ. ആർ.അനന്തകൃഷ്ണൻ.കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമാണ്.ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മികച്ച രീതിയിൽ കല കൈകാര്യം ചെയ്യുന്നവരാണ് കലാമണ്ഡലത്തിലെ അദ്ധ്യാപകരെന്നും വൈസ് ചാൻസലർ പറഞ്ഞു.കലാമണ്ഡലത്തിൽ ഗവർണറുടെ അധികാരം എടുത്തുകളയാൻ സർക്കാർ നേരിട്ടു നിയമിച്ച ചാൻസലർ മല്ലിക സാരാഭായി കലാമണ്ഡലത്തിലെ നിയമനങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.പാർട്ടി പ്രവർത്തകരെ കലാമണ്ഡലത്തിൽ നിയമിക്കുന്നത് മൂലം കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ തന്നെ താളംതെറ്റുന്നെന്നും രജിസ്ട്രാറും വൈസ് ചാൻസലറും ഒഴികെ ആർക്കും തന്നെ മെയിൽ അയക്കാനോ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനോ അറിയാത്ത അവസ്ഥയാണുള്ളതെന്നും മല്ലിക സാരാഭായി വിമർശനം ഉന്നയിച്ചിരുന്നു.