ഇട്ടിയപ്പാറയിൽ ബസ് സ്റ്റാൻഡിന്റെ വഴിമുടക്കി അനധികൃത പാർക്കിംഗ്

Sunday 26 October 2025 12:43 AM IST

ഇട്ടിയപ്പാറ : ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലേക്കുള്ള വഴി തടസപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും കടുത്ത ദുരിതമാകുന്നു.

വ്യാപാര ആവശ്യങ്ങൾക്കായി എത്തുന്ന വാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമാണ് യാതൊരു നിയത്രണവും ഇല്ലാതെ സ്റ്റാൻഡ് കൈയടക്കുന്നത്. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും തടസമുണ്ടാക്കുന്നത് പതിവാണ്.

സമയക്രമം പാലിച്ചുള്ള ബസുകളുടെ സർവീസുകൾക്ക് അനധികൃത പാർക്കിംഗ് തടസമാകുന്നുണ്ട്. ഇത് യാത്രക്കാരുടെ സമയനഷ്ടത്തിനൊപ്പം ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലിയുള്ള കലഹത്തിനും വഴിവയ്ക്കുന്നുണ്ട്.

സ്റ്റാൻഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരാണ് പ്രധാനമായും തടസമൊരുക്കി പാർക്ക് ചെയ്യുന്നത്. ഇടുങ്ങിയ വഴിയിലൂടെ ബസുകൾ വളച്ചെടുക്കാൻ ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടുന്നത് ഗതാഗത തടസത്തിനും അപകട സാഹചര്യങ്ങൾക്കും കാരണമാകാറുണ്ട്.

പരാതി നൽകിയിട്ടും പരിഹാരമില്ല

പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുൻപും ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മകൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ താത്കാലിക പരിശോധനകൾക്കപ്പുറം സ്ഥിരമായ ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.

മോട്ടോർ വാഹന വകുപ്പും പൊലീസും കർശനവും ശാശ്വതവുമായ നടപടി സ്വീകരിക്കാത്തപക്ഷം ഇട്ടിയപ്പാറ സ്റ്റാൻഡിലെ ഗതാഗതക്കുരുക്ക് വലിയ പ്രതിസന്ധിയായി തുടരുമെന്ന ആശങ്കയിലാണ് യാത്രക്കാർ.