സി.പി.എമ്മിന് തലവേദനയായി പേരാമ്പ്രയും ഫ്രഷ് കട്ടും

Sunday 26 October 2025 12:47 AM IST
cpm

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയ്ക്കുനേരെയും താമരശ്ശേരിയിൽ ഫ്രഷ് കട്ട് കേന്ദ്രത്തിനെതിരെ സമരം നടത്തിയവർക്കെതിരെയും പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജുകൾ കോഴിക്കോട് ജില്ലയിൽ സി.പി.എമ്മിന് തലവേദനയാവുന്നു. മർദ്ദനമേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പാണ് താമരശ്ശേരി ഫ്രഷ് കട്ട് സംഭവമുണ്ടാകുന്നത്. അമ്പായത്തോട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ നടത്തിയ സമരം പൊലീസ് അടിച്ചൊതുക്കിയെന്നാണ് ആരോപണം. അക്രമത്തിൽ 28 സമരക്കാർക്കും 21 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. റൂറൽ എസ്.പി കെ.ഇ ബൈജുവിനും കല്ലേറിൽ പരിക്കേറ്റിരുന്നു. രണ്ട് സംഭവങ്ങളും യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിച്ചതോടെയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സി.പി.എം പ്രതിരോധത്തിലായിരിക്കുന്നത്.

 ഷാഫിയുടെ പ്രത്യാക്രമണം

ഗുണ്ടാ- ക്രിമിനൽ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം രഹസ്യമായി തിരിച്ചെടുത്ത പൊലീസുകാരനാണ് തന്നെ ആക്രമിച്ചതെന്ന ഷാഫിയുടെ വെളിപ്പെടുത്തലാണ് ആഭ്യന്തരവകുപ്പിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കിയത്. വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡിനെതിരെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഷാഫി പുറത്തുവിട്ടിരുന്നു. ഷാഫിയെ മർദ്ദിച്ച പൊലീസുകാരനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധത്തിലാണ്. ഷാഫിക്ക് മർദ്ദനമേറ്റിട്ടില്ലെന്ന നിലപാടായിരുന്നു ആദ്യം സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിച്ചത്. എന്നാൽ ഷാഫിയെ മർദ്ദിച്ചെന്ന് റൂറൽ എസ്.പി സമ്മതിക്കുകയും ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തതോടെ പാർട്ടി പ്രതിരോധത്തിലായി.

 ഫ്രഷ് കട്ടിൽ ട്വിസ്റ്റ്

താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിന് നേരെ നടന്ന സമരത്തിൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകൾ നുഴഞ്ഞുകയറിയാണ് കലാപമുണ്ടാക്കിയതെന്നായിരുന്നു സി.പി.എം നിലപാട്. എന്നാൽ സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെടെ അറസ്റ്റിലായതോടെ യു.ഡി.എഫും സമരസമിതിയും സി.പി.എമ്മിനെതിരെ തിരിഞ്ഞു. സമരസമിതിയുമായോ താമരശ്ശേരിയുമായോ ഒരു ബന്ധവുമില്ലാത്ത മഞ്ചേരി സ്വദേശി സൈഫുള്ള അറസ്റ്റിലായതോടെ ഫ്രഷ് കട്ട് സംഭവത്തിൽ വീണ്ടും ട്വിസ്റ്റായി. ഇയാൾക്ക് സമരസമിതിയുമായി ബന്ധമില്ലെന്നും കമ്പനി ഇറക്കിയതാണെന്നും പറഞ്ഞ് സമരസമിതിയും സി.പി.എം സമരം പൊളിക്കാൻ ഇറക്കിയ ആളാണെന്ന് യു.ഡി.എഫും ആരോപിച്ചു.