പി.എം ശ്രീ കടുംചൂടിൽ, തണുപ്പിക്കാൻ ശ്രമം; സി.പി.ഐ നിർണായക എക്സിക്യുട്ടീവ് നാളെ

Sunday 26 October 2025 12:47 AM IST

തിരുവനന്തപുരം: പി.എം ശ്രീയിൽ തന്നിഷ്ടപ്രകാരം ഒപ്പിട്ടത് മര്യാദകേടെന്ന് തുറന്നടിച്ച് സി.പി.ഐ പിണങ്ങിയതോടെ,​ പരുങ്ങലിലായ സർക്കാർ അനുനയശ്രമം തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പ് എത്തിനിൽക്കെ,​ മുന്നണിയിൽ കലഹക്കേട് വളരുന്നത് ദോഷം ചെയ്യുമെന്നുകണ്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നീക്കം.

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്നലെ എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,​ മന്ത്രി ജി.ആർ.അനിൽ എന്നിവരുമായി ചർച്ച നടത്തി. ഡൽഹിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുമായുള്ള കൂടിക്കാഴ്ചയിൽ,​ കേരളത്തിൽ ചർച്ചചെയ്ത് രമ്യമായി തീർക്കാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞത്. സാമ്പത്തികസഹായം മുടങ്ങാതിരിക്കാൻ മാത്രമാണ് ഒപ്പിട്ടതെന്നും ആവർത്തിച്ചു. പി.എം ശ്രീയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് രാജ മടങ്ങിയത്.

ഒമാനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മടങ്ങിയെത്തും. ഡി.രാജയുമായി മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം. സി.പി.ഐയുടെ വിയോജനക്കത്തിൽ ചർച്ച നടത്തുമെന്നുപറഞ്ഞ ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ,​ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഇതെന്ത് സർക്കാരെന്ന് ക്ഷുഭിതനായ ബിനോയ് വിശ്വം,​ ഇന്നലെ പ്രകോപനപരമായി പ്രതികരിച്ചില്ല. എങ്കിലും, ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തിയില്ലെന്ന സൂചനയാണ് ജി.ആർ.അനിലും ബിനോയിയും പ്രകടിപ്പിച്ചത്. ഇന്നലെ പാർട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയലും സി.പി.എമ്മിന്റെ തന്നിഷ്ടത്തെയും നിലപാടുമാറ്റത്തെയും കടുത്ത ഭാഷയിൽ അപലപിച്ചു. എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി.

മുഖ്യമന്ത്രി നേരിട്ട്

ഇടപെട്ടേക്കും

 നയപരമായ എതിർപ്പിനൊപ്പം,​ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങളെ വകവയ്ക്കാത്തതിലെ അമർഷവും സി.പി.ഐക്കുണ്ട്. അതുകൊണ്ടുതന്നെ,​ മുഖ്യമന്ത്രിയുടെ ഉറപ്പാണ് പാർട്ടി പ്രതീക്ഷിക്കുന്നത്

 സ്ഥാനാർത്ഥി ധാരണയുടെ ഘട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് എത്തിനിൽക്കെ സി.പി.ഐയുടെ പരസ്യപ്പിണക്കം മുന്നണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്

 പാർട്ടി തീരുമാനം നാളെ ആലപ്പുഴയിലെ സംസ്ഥാന എക്സിക്യുട്ടീവിൽ ഉണ്ടാകുമെന്നാണ് സി.പി.ഐ ഭീഷണി. മന്ത്രിമാരെ പിൻവലിക്കുകയോ നിസ്സഹകരണം പ്രഖ്യാപിക്കുകയോ ചെയ്താൽ തിരിച്ചടിയാകും

 ഇതൊഴിവാക്കാൻ എന്തു വിട്ടുവീഴ്ച ചെയ്യാമെന്ന് ഇന്ന് മുഖ്യമന്ത്രി എത്തിയ ശേഷം സി.പി.എം ചർച്ചചെയ്യും. പുന്നപ്ര വയലാർ ആഘോഷ സമാപനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും നാളെ ആലപ്പുഴയിലുണ്ടാകും