കുറ്റൂർ അടിപ്പാതയിൽ വെള്ളക്കെട്ട്, വീണ്ടും റെയിൽവേയുടെ പരീക്ഷണപ്പണി

Sunday 26 October 2025 12:52 AM IST

തിരുവല്ല : ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റെയിൽവേ നിർമ്മിച്ച അടിപ്പാത നാട്ടുകാർക്കും യാത്രക്കാർക്കും മാത്രമല്ല ഇപ്പോൾ റെയിൽവേയ്ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കുറ്റൂർ - വള്ളംകുളം റോഡിലെ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പലവിധശ്രമങ്ങൾ നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്തതിനാൽ ആറുമാസങ്ങൾക്കുശേഷം വീണ്ടും പരീക്ഷണപ്പണി തുടങ്ങി.

റെയിൽവേ അടിപ്പാതയ്ക്ക് പുറത്തായി വലിയകിണർ സ്ഥാപിച്ചശേഷം അടിപ്പാതയ്ക്ക് ഉള്ളിലെ വെള്ളം ഓടയിലൂടെ ഈ കിണറിലേക്ക് എത്തിക്കുകയും പിന്നീട് കിണറ്റിൽ നിന്ന് വെള്ളം പുറത്തേക്ക് പമ്പിംഗ് ചെയ്യാനുമുള്ള പുതിയ പരീക്ഷണമാണ് നടത്തുന്നത്. തിരക്കേറിയ റോഡിൽ ചെറിയ വെള്ളപ്പൊക്കം പോലും ഗതാഗത സംവിധാനത്തെ ഗുരുതരമായി ബാധിക്കാൻ തുടങ്ങിയതോടെ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇന്നലെ സ്ഥലത്തെത്തിയ റെയിൽവേ അധികൃതർ ഗതാഗതം നിരോധിച്ചശേഷം ഓട അടഞ്ഞിട്ടുണ്ടോ എന്നറിയാൻ സ്ളാബുകൾ ഇളക്കി പരിശോധിച്ചു. പണികൾ നീണ്ടുപോയതിനാൽ സ്ളാബുകൾ തിരികെയിട്ടശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച വീണ്ടും പണികൾ തുടങ്ങും.

പതിറ്റാണ്ടായി തുടരുന്ന മണ്ടൻപണി റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരു പതിറ്റാണ്ടുമുമ്പ് കുറ്റൂരിലെ ലവൽക്രോസ് ഒഴിവാക്കാനായി സ്ഥാപിച്ച അടിപ്പാതയാണ് ഇന്നും നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്. മണിമലയാറിന്റെ സമീപത്ത് അടിപ്പാത പണിയുന്നതിന്റെ ആശങ്ക നിർമ്മാണസമയത്ത് നാട്ടുകാർ ഉയർത്തിയെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞു റെയിൽവേ നടത്തിയ എൻജിനീയറിംഗ് വൈദഗ്ദ്ധ്യം ഇപ്പോഴും പൊല്ലാപ്പായിരിക്കുകയാണ്. മുൻകൂട്ടി നിർമ്മിച്ച കോൺക്രീറ്റ് ബോക്സുകൾ റെയിൽവേ ലൈനിന്റെ അടിയിലേക്ക് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിക്കയറ്റി അടിപ്പാത നിർമ്മിക്കുകയായിരുന്നു. അന്ന് ബോക്സുകൾ ഇരുത്തിപ്പോകുകയും പുതിയൊരു ബോക്സ് നിർമ്മിക്കേണ്ടിയും വന്നു. ഈ നിർമ്മാണ രീതിയാണ് അടിപ്പാതയിൽ വെള്ളക്കെട്ടിന് കാരണമായത്. കഴിഞ്ഞ മെയ് മുതൽ അഞ്ചിലേറെ തവണ അടിപ്പാതയിൽ വെള്ളംകയറി.

റെയിൽവേയുടെ പാളിപ്പോയ പണികൾ

1. അടിപ്പാതയുടെ ഇരുവശങ്ങളിലേക്കും അലൂമിനിയം റൂഫിംഗ്.

2. ഓടകൾ,വൺസൈഡ് വാൽവുകൾ.

3. റോഡിന് കുറുകെ ഇരുമ്പ് കവേർഡ് ഡ്രെയിനേജ്.

4. വെള്ളം വറ്റിക്കാൻ മോട്ടോർ പമ്പ് സ്ഥാപിക്കൽ.

5. അടിപ്പാതയിൽ വാട്ടർപ്രൂഫ് കോൺക്രീറ്റ്.

6. ഉയർന്ന ഫുട്പാത്തിന്റെ വീതികൂട്ടി വാഹനഗതാഗത ക്രമീകരണം.

പുതിയ പരീക്ഷണ പണികൾ കൊണ്ടും അടിപ്പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസമില്ല. പ്രദേശത്തെ മനസ്സിലാക്കി വെള്ളപ്പൊക്ക സമയത്ത് പഴയ ലെവൽക്രോസുകൾ ഉപയോഗിക്കണം. വെള്ളം ഒഴുകിമാറേണ്ട ചാലുകൾ വൃത്തിയാക്കി ചെറിയ ഷട്ടറുകൾ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാം. വി.ആർ.രാജേഷ് (പൊതുപ്രവർത്തകൻ)