200ൽ പെയ്തു; റെക്കാഡ് മഴ

Sunday 26 October 2025 12:16 AM IST

തിരുവനന്തപുരം: കഴിഞ്ഞ വൈകുന്നേരങ്ങളിൽ തിമിർത്തുപെയ്ത മഴ ഇന്നലെ ഒന്നു മാറിന്നു. പകരം 200 മീറ്റർ ഓട്ടമത്സരത്തിൽ റെക്കാഡ് മഴ പെയ്തു ! ആറ് വിഭാഗങ്ങളിലായി നടന്ന വേഗപ്പോരിൽ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസിന്റെ ജെ. നിവേദ് കൃഷ്ണ, കോഴിക്കോട്ട് സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപറയുടെ ദേവനന്ദ ബിജു, പാലക്കാട് ബി.വി.എം.എച്ച്.എസിലെ എസ്. അൻവി, ആലപ്പുഴ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിന്റെ ടി.എം. അതുൽ എന്നിവരാണ് മീറ്റ് റെക്കാഡ് പെയ്യിച്ചത്. മീറ്റിൽ അതുലിന്റെ രണ്ടാം റെക്കാഡാണിത്. വെള്ളിയാഴ്ച 100 മീറ്ററിൽ റെക്കാഡ് സ്വന്തമാക്കിയിരുന്നു.

കായികമേളയുടെ വേഗരാജവായ നിവേദ്കൃഷ്ണ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 21.67 സെക്കൻഡിലാണ് ലക്ഷ്യം കീഴടക്കിയത്. 2011ൽ കുറുമ്പനടം സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസിന്റെ ജിജിൻ വിജയൻ സ്ഥാപിച്ച 21.75 സമയം തകർന്നുപോയി. 100 മീറ്ററിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പാലക്കാടിന്റെ താരം ഇരട്ടപ്പൊന്നാക്കി നേട്ടം.

അപ്പെന്റിക്‌സായിരുന്നിട്ടും ട്രാക്കിൽ മിന്നലായ ദേവനന്ദ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കതർത്തുകളഞ്ഞത് 2017ൽ ആൻസി സോജൻ കുറിച്ച റെക്കാഡ്. എട്ടുവർഷമായി മായാതിരുന്ന 25.13 സെക്കൻഡ് സമയം തിരുത്തി ദേവനന്ദ തന്റെ സ്വർണനേട്ടം ഡബിളാക്കി.

ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അതുൽ തന്റെ രണ്ടാം റെക്കാഡിൽ മുത്തമിട്ടത്. 21.87 സെക്കൻഡ് സമയമാണ് റെക്കാഡ് ബുക്കിലെ പുതിയ ലക്ഷ്യം.100 മീറ്റർ ട്രാക്കിൽ കൊടുങ്കാറ്റായ അതുൽ ഏഴ് വർഷം മുമ്പ് തിരുവനന്തപുരം സായുടെ സി. അഭിനവ് കുറിച്ച 22.28 സെക്കൻഡ് സമയമാണ് മായിച്ചത്.

സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ എസ്. അൻവിയാണ് റെക്കാഡോടെ പൊന്നിൽ ചുംബിച്ചത്. 38 വർഷം മുമ്പ് കണ്ണൂർ ജി.വി.എച്ച്.എസിന്റെ താരമായിരുന്ന ബിന്ദു മാത്യൂ കുറിച്ച സമയം ഇതോടെ മാഞ്ഞു. 25.67 സെക്കൻഡിലാണ് അൻവി ഫിനിഷ് ചെയ്തത്.

സീനിയർ പെൺകുട്ടികളിൽ ആദിത്യ അജി സ്വർണംനേട്ടം ട്രിപ്പിളാക്കി. 24.75 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻതൊട്ടു. ഉത്തർപ്രദേശ് വാരണസി സ്വദേശിയായ സഞ്ജയും നേട്ടം ഇരട്ടപ്പൊന്നാക്കി. സബ് ജൂനിയർ വിഭാഗത്തിൽ 24.26 സെക്കൻഡിൽ ലക്ഷ്യംതൊട്ടാണ് കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ് പുല്ലൂരാംപാറയുടെ താരം 200 മീറ്റൽ സ്വർണം ഓടിയെടുത്തത്. 100 മീറ്ററിലും സഞ്ജയായിരുന്നു വേഗതാരം.