പമ്പു സെറ്റുകൾ എത്തുന്നതും കാത്ത് ഞാങ്കടവ് പദ്ധതി കമ്മിഷനിംഗ്
കൊല്ലം: പ്രത്യേക നിർദ്ദേശപ്രകാരം തയ്യാറാക്കുന്ന 15 പമ്പുകൾ എത്തുന്നതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കമ്മിഷനിംഗ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. ഇത് ലഭ്യമാകുന്നതോടെ 2026 മേയ് മാസത്തോടുകൂടി ഞാങ്കടവ് പദ്ധതി കമ്മ്്ഷൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്.
ഞാങ്കടവ് കിണർ, പവർ ലൈൻ ദീർഘിപ്പിക്കൽ, വസുരിച്ചിറ ജല ശുദ്ധീകരണ ശാല മുതൽ വടക്കേവിള പമ്പിംഗ് മെയിൻ പ്രവൃത്തികൾ പൂർത്തീകരിച്ചു. വസൂരിച്ചിറയിലെ 100 എം.എൽ.ഡി ജലശുദ്ധീകരണ ശാല 98 ശതമാനം പൂർത്തീകരിച്ചു. വസൂരിച്ചിറ ജലശുദ്ധീകരണ ശാല മുതൽ ആനന്ദവല്ലീശ്വരം ബൂസ്റ്റർ പമ്പ് ഹൗസ് വരെയുള്ള 1016 മി.മി, 914 മി.മി വ്യാസമുള്ള എം.എസ് ക്ലിയർ വാട്ടർ പമ്പിംഗ് മെയിനും, ഞാങ്കടവ് കിണർ മുതൽ വസുരിചിറ ജലശുദ്ധീകരണശാല വരെയുള്ള 1219 മി.മീ വ്യാസമുള്ള പമ്പിംഗിന്റെ നിർമ്മാണവും പൂർത്തീകരിച്ചു. ഞാങ്കടവ് കിണറിലെയും വസൂരി ചിറ ജലശുദ്ധീകരണശാലയിലെയും സെറ്റുകളും ട്രാൻസ്ഫോർമറുകളും ജലശുദ്ധീകരണശാലയിലെ എസ്.സി.എ.ഡി.എ സിസ്റ്റം ട്രാൻസ്ഫോമർ കെട്ടിടം, കിണറിന്റെ സംരക്ഷണഭിത്തി എന്നിവയാണ് നിലവിൽ പുരോഗമിക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ 97 കിലോമീറ്റർ പൈപ്പിടുന്ന പ്രവർത്തി 87% പൂർത്തീകരിച്ചിട്ടുണ്ട്. വസൂരിച്ചിറ, മണിച്ചിത്തോട്, ബിഷപ്പ് ജെറോം നഗർ, അഞ്ചാലുംമൂട്, മുണ്ടയ്ക്കൽ എന്നിവിടങ്ങളിലാണ് ജംലസംഭരണികൾ സ്ഥാപിക്കുന്നത്. ഇതിൽ വസൂരിച്ചിറ,മ ണിച്ചിത്തോട് എന്നിവിടങ്ങളിൽ നിർമ്മാണം പൂർത്തിയായി. മുണ്ടയ്ക്കൽ, അഞ്ചാലുംമൂട് ജലസംഭരണിയുടെ നിർമ്മാണം, കോർപ്പറേഷൻ പരിധിയിലെ 30 കിലോമീറ്റർ പൈപ്പിടുന്ന പ്രവൃത്തികൾ എന്നിവ സ്ഥലം ലഭ്യമല്ലാത്തതുമൂലവും വസൂരിചിറ ജല ശുദ്ധീകരണ ശാലയിൽ നിന്ന് ശുദ്ധജല പമ്പിംഗ് മെയിൻ എസ്.എൻ സ്കൂൾ ജംഗ്ഷൻ അയത്തിൽ മുതൽ കാവനാട് വരെ ദേശീയപാത 66 കട്ടിങ് അനുമതി ലഭിക്കാത്തതിനാൽ നിറുത്തിവച്ചു.
ആകെ വേണ്ടത് 15 പമ്പുകൾ
ഞാങ്കടവിൽ 1950 എച്ച്.പി പമ്പാണ് വേണ്ടത്. ഇതിന് പകരം 975 എച്ച്.പിയുള്ള 4 പമ്പ് സെറ്റുകൾ സ്ഥാപിക്കും ഇതിൽ രണ്ടെണ്ണം ഒരേ സമയം പ്രവർത്തിപ്പിക്കും.
വസൂരിച്ചിറയിൽ 53 എച്ച്.പിയുള്ള രണ്ട് പൈപ്പുകൾ സ്ഥാപിക്കും
മണിച്ചിത്തോട്ടിൽ 530 എച്ച്.പി പമ്പാണ് വേണ്ടത്.ഇതിന് പകരം 265 എച്ച്.പിയുള്ള മൂന്ന് പൈപ്പുകൾ സ്ഥാപിക്കും.ഇതിൽ രണ്ടെണ്ണം ഒരേസമയം പ്രവർത്തിപ്പിക്കും.
കൊറ്റങ്കരയിൽ 96 എച്ച്.പി പമ്പാണ് വേണ്ടത്. ഇതിന് പകരം 48 എച്ച്.പിയുള്ള മൂന്ന് പൈപ്പുകൾ സ്ഥാപിക്കും. ഇതിൽ രണ്ടെണ്ണം ഒരേസമയം പ്രവർത്തിപ്പിക്കും.
വടക്കേവിളയിൽ 94 എച്ച്.പി പമ്പാണ് വേണ്ടത്. ഇതിന് പകരം 47 എച്ച്.പിയുള്ള മൂന്ന് പൈപ്പുകൾ സ്ഥാപിക്കും. ഇതിൽ രണ്ടെണ്ണം ഒരേസമയം പ്രവർത്തിപ്പിക്കും.
ടാങ്കുകൾ, ശേഷി
- മണിച്ചിത്തോട് - 54 ലക്ഷം ലിറ്റർ
- ബിഷപ്പ് ജെറോം നഗർ - 15.67 ലക്ഷം ലിറ്റർ
- അഞ്ചാലുംമൂട് 15 ലക്ഷം ലിറ്റർ
അമൃത് 1.0 ₹ 104.423 കോടി
അമൃത് 2.0 ₹ 227.13 കോടി
കീഫ്ബി ₹ 235.00 കോടി