വീരവണക്കം മലയാള നാട്ടിലേക്ക്
കൊല്ലം: ചരിത്രം ഓർമ്മിപ്പിച്ച 'വീരവണക്കം' മലയാളികൾക്കിടയിലേക്ക്. അനിൽ.വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധനേടിയ 'വസന്തത്തിന്റെ കനൽവഴികൾ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ശരിക്കും വീരവണക്കം. ഈ മാസം 31ന് കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
ചരിത്ര പശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീര പാരമ്പര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും കഥ അതി വൈകാരിക മുഹൂർത്തങ്ങളിലൂടെ പറയുന്ന ചിത്രം തമിഴ്നാട്ടിൽ ഹിറ്റാണ്. ആഗസ്റ്റ് 29നായിരുന്നു തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്തത്. 1940 കളുടെ തുടക്കത്തിൽ തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും ഗാന്ധിയനുമായ വേലായുധം എന്ന രാജമഹേന്ദ്രന്റെ മുത്തച്ഛനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറി പി.കൃഷ്ണപിള്ളയും കന്യാകുമാരി ജില്ലയിലെ എടലാകുടി ജയിലിൽ ഒരേ സമയം തടവിൽ കഴിഞ്ഞിരുന്നു. പി.കൃഷ്ണപിള്ളയോടൊപ്പം നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്ത ചിരുതയെന്ന 97 വയസുള്ള ഒരമ്മ പഴയകാല അനുഭവങ്ങൾ ഗ്രാമവാസികളോട് പങ്കുവയ്ക്കുന്നതാണ് ചിത്രം. സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ നടന്ന നവോത്ഥാന പ്രക്ഷോഭം, സ്വാതന്ത്ര്യ സമരം, കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾ എന്നിവ ചിത്രത്തിൽ നിറയുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിറയെ ആരാധകരുള്ള സമുദ്രക്കനിയും ഭരത്തും ആദ്യമായി ഒന്നിച്ച ചിത്രം എന്നതുകൂടി തമിഴ്മക്കൾക്ക് സിനിമ കൂടുതൽ സ്വീകാര്യമാക്കി. പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അഭിനയത്തിന്റെ തീവ്രമുഹൂർത്തങ്ങളൊരുക്കി.
പ്രണയവും പോരാട്ടവും
ജാതി വിവേചനം നിലനിൽക്കുന്ന തമിഴ് ഗ്രാമത്തിൽ മേൽജാതിയിൽപ്പെട്ട പെൺകുട്ടിയും കീഴ്ജാതിയിൽപ്പെട്ട യുവാവും തമ്മിൽ പ്രണയിക്കുന്നതോടെ പൊട്ടിപ്പുറപ്പെടുന്ന സംഘർഷങ്ങൾ കൊലപാതകത്തിലെത്തിച്ചേരുന്നു. ഭയത്തിലായ പാവപ്പെട്ട ഗ്രാമവാസികളെ രക്ഷിക്കാൻ തൊട്ടടുത്ത ദേശത്തിലെ ധീരനായ രാജമഹേന്ദ്രൻ എത്തുന്നതും തനിക്ക് പൂർവിക സൗഹൃദബന്ധമുള്ള പി.കൃഷ്ണപിള്ളയുടെ നാടായ കേരളത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുവരുന്നതും അതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാതന്തു.
വിദ്യാർത്ഥികൾക്ക് ഇളവ്
ചരിത്രകഥ പറയുന്ന ചിത്രം എല്ലാവരിലേക്കും എത്തണമെന്ന ചിന്തയോടെ സിനിമ കാണുന്നതിന് വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് സംവിധായകൻ അനിൽ.വി.നാഗേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. തീയേറ്ററുകളിൽ ഐ.ഡി പ്രൂഫ് സഹിതം ഗ്രൂപ്പുകളായി ബന്ധപ്പെട്ടാൽ ഇളവ് ലഭിക്കും. പത്രസമ്മേളനത്തിൽ ചിത്രത്തിൽ അഭിനയിച്ച വിപ്ളവ ഗായിക പി.കെ.മേദിനി, നടൻ റിതേഷ്, ടി.എം.അജയകുമാർ, പ്രശാന്ത് ജയ് എന്നിവർ പങ്കെടുത്തു.