ബി.ജെ.പി രാപകൽ സമരം: മഴയിലും ആവേശം ചോരാതെ സെക്ര. വളഞ്ഞ് ആയിരങ്ങൾ

Sunday 26 October 2025 1:37 AM IST

തിരുവനന്തപുരം:ശബരിമലയിലെ സ്വർണ്ണക്കൊള്ള പ്രശ്നത്തിൽ നേരന്വേേഷണം ആവശ്യപ്പെട്ട് കോരിച്ചൊരിയുന്ന മഴയിലും സെക്രട്ടേറിയറ്റ് വളഞ്ഞ് ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ.വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്ത പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങളിലും തിങ്ങിക്കൂടി മുദ്രാവാക്യം വിളിച്ചു.പിൻവശത്തെ കന്റോൺമെന്റ് ഗേറ്റ് മാത്രമാണ് ഒഴിവാക്കിയത്.നോർത്ത് ഗേറ്റിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നേതാക്കളായ എസ്. സുരേഷ്, എം.ടി.രമേശ്, അനൂപ് ആന്റണി,ശോഭാസുരേന്ദ്രൻ,പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും അണി നിരന്നു.

രാത്രി മുഴുവൻ നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റ് ഗേറ്റുകൾക്ക് മുന്നിൽ കുത്തിയിരുന്നു. കനത്ത മഴയിലും പിരിയാതെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചും ഭജന പാടിയും നിലയുറപ്പിച്ച പ്രവർത്തകർ രാത്രി ഭക്ഷണം കഴിച്ചും ചായ കുടിച്ചും മഴയെ തോൽപിച്ചു.

മാറി മാറി പ്രവർത്തകരെ അഭിസംബോധന ചെയ്ത നേതാക്കൾ ഹിന്ദു സമൂഹത്തോട് പിണറായി വിജയൻ ചെയ്ത കൊള്ളരുതായ്മകൾ എണ്ണിയെണ്ണി പറഞ്ഞു. മറ്റൊരു സമുദായത്തോട് ഇത് ചെയ്യില്ലെന്നും ഓർമ്മിപ്പിച്ചു. ശബരിമലയിൽ സ്വർണപ്പാളികൾ കട്ടു കൊണ്ട് പോയത് വീഴ്ചയാണെന്ന സർക്കാർ നിലപാട് ശരിയല്ലെന്നും കൊള്ളയാണ് നടന്നതെന്നും ,അന്വേഷണം സി.ബി.ഐ.യെ ഏൽപിക്കണമെന്നും മുദ്രാവാക്യം വിളിച്ചു.ഇന്നലെ രാവിലെ നൂറ് കണക്കിന് പ്രവർത്തകർ കൂടി എത്തിയതോടെ പുളിമൂട് മുതൽ പാളയം വരെ സെക്രട്ടേറിയറ്റിന് മുന്നിലൂടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ പൊലീസ് വഴി തിരിച്ചു വിട്ടു.സെക്രട്ടേറിയറ്റിലേക്ക് പോകേണ്ടിയിരുന്ന മന്ത്രിമാരടക്കമുള്ളവർ കന്റോൺമെന്റ് ഗേറ്റിലൂടെ കനത്ത പൊലീസ് കരുതലിലാണ് അകത്ത് കടന്നത്. ഉച്ചയോടെ പ്രവർത്തകരുടെ എണ്ണം കൂടി. സെക്രട്ടേറിയറ്റിന് ചുറ്റും തിക്കിത്തിരക്കി.ഉച്ചയ്ക്ക് ഒന്നരയോടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അഭിസംബോധനയോടെയാണ് സമരം സമാപിച്ചത്.