ഗുരുദേവ ദർശനത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു: മന്ത്രി പി.രാജീവ്
കൊല്ലം : ജാതി മത വർണ്ണങ്ങൾ നോക്കി കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്ന ഇന്നത്തെ കാലത്ത് ഗുരുദേവ ദർശനത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എ.പാച്ചന്റെ 21-ാം അനുസ്മരണ സമ്മേളനം പത്തനാപുരം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതിക്കായി സമർപ്പിച്ച ജീവിതമായിരുന്നു എ.പാച്ചന്റേതെന്നും പി.രാജീവ് പറഞ്ഞു. എ.പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് മന്ത്രി സമർപ്പിച്ചു.ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.പ്രഹ്ലാദൻ അദ്ധ്യക്ഷത വഹിച്ചു. കന്യാകുമാരി അയ്യാ വൈകുണ്ഠ ആശ്രമ മഠാധിപതി ബാലപ്രജാപതി അടിഗളാർ,സ്വാമി സന്ദീപാനന്ദഗിരി, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ്പി.രാമഭദ്രൻ, കോൺഗ്രസ് വക്താവ് അനിൽ ബോസ്, സി.ആർ.നജീബ്, എസ്.സുധീശൻ, ഡോ.കായംകുളം യൂനുസ്, ഡോ.ഷാഹിദാ കമാൽ,രാമചന്ദ്രൻ മുല്ലശേരി,കെ.രവി കുമാർ, രാജൻ വെമ്പിളി, ഡോ.വിനീതാ വിജയൻ, ഐവർകാല ദിലീപ്, ശൂരനാട് അജി, എ.എ.അസീസ്,, കെ.വേലായുധൻപിള്ള, ബോബൻ.ജി.നാഥ്,ബി. മോഹൻദാസ്, പ്രബോധ് .എസ്.കണ്ടച്ചിറ, വി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എ.പാച്ചൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡി.ചിദംബരന് കർമ്മശ്രേഷ്ഠാ പുരസ്കാരവും, തഴവ സഹദേവൻ (നാടകം), എസ്.പി.മഞ്ജു (ദലിത് വിമോചന പ്രവർത്തക), വിനോദ് കുമാർ എസ്.(കായികം) എന്നിവർക്കുള്ള പുരസ്കാരങ്ങളും മന്ത്രി നൽകി.
ആചാരാനുഷ്ഠാനങ്ങളിൽ
മാറ്റം അനിവാര്യം
ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം അനിവാര്യമാണെന്നും ക്ഷേത്രങ്ങൾ വിദ്യാഭ്യാസത്തിന്റെയും
സാമൂഹിക പുരോഗതിയുടെയും കേന്ദ്രങ്ങളായിത്തീരണമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സ്വാമി സച്ചിദാനന്ദ പറഞ്ഞു .ക്ഷേത്രങ്ങൾക്ക് അനുബന്ധമായി വിദ്യാലയങ്ങളും വ്യവസായശാലകളും നിർമ്മിക്കണം. ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾക്കായി വനിതകളെ നിയോഗിക്കണം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ഗോകർണ്ണനാഥ ക്ഷേത്രത്തിൽ സ്ത്രീകൾ പൂജ നടത്തുന്നുണ്ട്. ഒരു ശക്തിയും ക്ഷയിച്ചിട്ടില്ല. പഴയ മാമൂലുകൾ പിന്തുടരുകയല്ല, കാലത്തിനനുസരിച്ച മാറ്റങ്ങളാണുണ്ടാകേണ്ടതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.