അതിർത്തി കാക്കാൻ എ.കെ- 203 ഷേർ റെഡി

Sunday 26 October 2025 2:42 AM IST

കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ - 203 റൈഫിളുകൾ ഉടൻ കൈമാറും. അമേഠിയിലെ കോർവ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മാണം പൂർത്തായായി. 'ഷേ‌ർ' എന്നാണ് മേക്ക് ഇൻ ഇന്ത്യ തോക്കുകൾക്ക് പേര്.

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം കൂടുതൽ ഫലപ്രദമായി നേരിടാൻ ഷേർ ഉപകരിക്കും. 2030ൽ സേനയിൽ 6 ലക്ഷം എ.കെ- 203 റൈഫിളുകളാണ് ടാർഗറ്റ്. ഇതിന് 5200 കോടി വകയിരുത്തിയിട്ടുണ്ട്. ബാരൽ, ട്രിഗർ എന്നിവയുടെ നിർമ്മാണം കാൺപൂർ സ്മാൾ ആംസ് ഫാക്ടറിയിലാണ്.

റഷ്യൻ നിർമ്മിത എ.കെ- 203 ഇപ്പോൾ സേന ഉപയോഗിക്കുന്നുണ്ട്. 800 മീറ്റർ അകലേക്ക് കൃത്യതയോടെ ഉന്നംവയ്ക്കാൻ കഴിയും. മിനിട്ടിൽ 700 റൗണ്ട് വെടിയുണ്ടകൾ പായിക്കാം. ഒരു മാഗസിനിൽ ഒരേസമയം 30 ബുള്ളറ്റ് നിറയ്ക്കാം. തൂക്കവും വലിപ്പവും കുറവായതിനാൽ കൈകാര്യവും എളുപ്പം. വെടിയുണ്ടകൾക്ക് 39 മില്ലീമിറ്റർ നീളവും 7.62 എം.എം വ്യാസവുമുണ്ടാകും.

എ.കെ- 203 വ്യാപകമാകുന്നതോടെ പഴയതലമുറയിലെ ഇൻസാസ് റൈഫിളുകൾ ഉപേക്ഷിക്കും. റഷ്യൻ കലാഷ്‌നികോവ് സീരീസിൽപ്പെട്ട എ.കെ- 47, എ.കെ- 56 തോക്കുകൾ സേനയിൽ തുടരും.

ഭാരം, നീളം കുറവ്

 എ.കെ- 203(ഷേർ)

നീളം: 705 എം.എം, ഭാരം: 3.8 കിലോ

 ഇൻസാസ് (ഇപ്പോൾ ഉപയോഗത്തിൽ)

നീളം: 960 എം.എം, ഭാരം: 4.15 കിലോ

സിഗ് 716ന്റെ

രാത്രിക്കാഴ്ച കൂട്ടും

യു.എസ് നിർമ്മിത സിഗ് 716 തോക്കുകളുടെ രാത്രിക്കാഴ്ച കൂട്ടുന്നതിന് 659 കോടിയുടെ കരാറിലും പ്രതിരോധമന്ത്രാലയം ഒപ്പിട്ടു. 'ഇമേജ് ഇന്റൻസിഫയർ' വാങ്ങാനാണിത്. ഇത് ഘടിപ്പിക്കുന്നതോടെ നക്ഷത്രവെളിച്ചം മാത്രമുള്ളപ്പോഴും 500 മീറ്റർ അകലേക്ക് ഉന്നംവയ്ക്കാം. സിഗ് 716 മേക്ക് ഇൻ ഇന്ത്യയിൽ നിർമ്മിക്കാനും ധാരണയായിരുന്നു.