അതിർത്തിയിൽ സൈനികാഭ്യാസം: 'ത്രിശൂലി'നെ ഭയന്ന് വ്യോമപാത പൂട്ടി പാകിസ്ഥാൻ
ന്യൂഡൽഹി: പാക് അതിർത്തയിലെ സർ ക്രീക്കിന് സമീപം സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. 30 മുതൽ നവംബർ 10 വരെയാണ് കര-നാവിക-വ്യോമ സേനകളുടെ 'തൃശൂൽ" എന്ന സൈനികാഭ്യാസം നടക്കുക. ഇതോടനുബന്ധിച്ച് സൈനികേതര വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 28നും 29നും 'നോട്ടാം" (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇതോടെ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ സുരക്ഷ ശക്തമാക്കി. വ്യോമഗതാഗതം നിയന്ത്രിച്ചു. സൈനികാഭ്യാസത്തിനുപുറമേ ഇന്ത്യ ആയുധ പരീക്ഷണവും നടത്തിയേക്കും. ഇതുഭയന്നാണ് പാകിസ്ഥാന്റെ നീക്കം.
രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ സർ ക്രീക്കിനോട് ചേർന്ന പ്രദേശത്താണ് ത്രിശൂൽ നടക്കുക. 28,000 അടി വരെയുള്ള വ്യോമഭാഗമാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സൈനിക അഭ്യാസങ്ങളിലൊന്നായിരിക്കും ഇത്. മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തന മികവ്, സ്വയം പര്യാപ്തത, നവീനത എന്നിവ പ്രകടമാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സർ ക്രീക്ക് മേഖലയിൽ പ്രകോപനമുണ്ടായാൽ കനത്ത മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. സർ ക്രീക്കിനോട് ചേർന്ന പ്രദേശത്ത് പാകിസ്ഥാൻ സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു മുന്നറിയിപ്പ്.
12 ദിവസം, 30,000 സൈനികർ
ഗുജറാത്തിനും പാകിസ്താനിലെ സിന്ധിനും ഇടയിൽ ജനവാസമില്ലാത്ത ചതുപ്പുനിലമാണ് സർ ക്രീക്ക് അഭ്യാസം രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് തുടങ്ങി ഗുജറാത്തിലെ കച്ച് കടൽത്തീരം വരെ
28,000 അടി വരെയുള്ള വ്യോമഭാഗമാണ് നിശ്ചയിച്ചിരിക്കുന്നത്
12 ദിവസത്തെ അഭ്യാസത്തിൽ പങ്കെടുക്കുക 30,000 സൈനികർ
ടി-90 എസ്, അർജ്ജുൻ ടാങ്ക്, അപ്പാച്ചെ ഹെലികോപ്ടറുകൾ, ഹെവി-ലിഫ്റ്റ് കോപ്ടറുകൾ തുടങ്ങി ഒട്ടേറെ ആയുധങ്ങൾ പരീക്ഷിക്കും