'പെട്ടെന്ന്  വലിയ  ശബ്ദം  കേട്ടു, സന്ധ്യ  ചേച്ചിയുടെ  കരച്ചിൽ  കേൾക്കാമായിരുന്നു'; ഞെട്ടൽ മാറാതെ അഞ്ജു

Sunday 26 October 2025 8:21 AM IST

ഇടുക്കി: ദേശീയ പാതയ്ക്കായി മണ്ണെടുത്തതാണ് കൂമ്പൻപാറയിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടാകാൻ കാരണമായതെന്ന് മരിച്ച ബിജുവിന്റെ ബന്ധുവും അയൽക്കാരിയുമായ അഞ്ജു. ജനങ്ങളോട് മാറി താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതായും ഇവർ വെളിപ്പെടുത്തി.

'ഞങ്ങളുടെ വീട്ടിലാണ് ബിജുവും സന്ധ്യയും താമസിച്ചിരുന്നത്. അവർ രാത്രി ഭക്ഷണം കഴിക്കാൻ പോയതാണ്. ഇങ്ങോട്ട് വരാൻ പലതവണ ഫോണിൽ വിളിച്ചുപറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് വരാമെന്നാണ് പറഞ്ഞത്. ഇതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടു. സന്ധ്യ ചേച്ചിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. ആ സമയം പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു.

ദേശീയപാത ജീവനക്കാർ സമീപത്തുണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെടാൻ പറഞ്ഞു. സന്ധ്യ ചേച്ചി കരയുമ്പോൾ ഓടി രക്ഷപ്പെടാൻ തോന്നിയില്ല. ഞാൻ 112ൽ വിളിച്ചു. അപ്പോഴേക്കും വഴിയിലെ മണ്ണിടിഞ്ഞു. ജെസിബി വരാൻ താമസമുണ്ടായി. ചേട്ടന്റെ ശബ്ദമൊന്നും കേട്ടില്ല. ഞങ്ങൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു'- അഞ്ജു പറഞ്ഞു.

അടിമാലിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട്ടിനകത്ത് കുടുങ്ങിയ ദമ്പതിമാരിൽ ബിജു മരണപ്പെട്ടു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. മൂന്നരയോടെ സന്ധ്യയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി.