82-ാം വയസിലും  ബംഗീ ജമ്പിംഗ്; സാഹസികതയ്ക്ക് പ്രായഭേദമില്ലെന്ന് തെളിയിച്ച് മുത്തശ്ശി

Sunday 26 October 2025 11:09 AM IST

സാഹസികമായ കായിക വിനോദങ്ങളിൽ ഏ‌‌‌ർപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ യുവജനങ്ങൾ പലപ്പോഴും പല തരത്തിലുള്ള ഒഴികഴിവുകൾ പറയാറുണ്ട്.

എന്നാൽ 82കാരിയായ ഒരു മുത്തശ്ശി ബംഗീ ജമ്പിംഗ് നടത്തുന്ന അമ്പരപ്പിക്കുന്ന വീഡിയോയാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ശിവപുരിയിൽ, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പാണ് മുത്തശ്ശി പൂർത്തിയാക്കി സോഷ്യൽ മീഡിയയിൽ കൈയടി നേടിയത്.

117 അടി ഉയരത്തിൽ നിന്നാണ് മുത്തശ്ശി താഴേക്ക് ചാടിയത്. ബംഗീ ജമ്പിംഗ് സ്റ്റേഷനിൽ നിന്ന് ചാടുന്ന മുത്തശ്ശിയുടെ മുഖത്ത് നിറയെ ചിരിയും സന്തോഷവും കാണാം. അവരുടെ ആത്മവിശ്വാസം കണ്ട് സോഷ്യൽ മീഡിയ കൈയടിക്കുകയാണ്. ഗ്ലോബ്‌സം ഇൻഡിയ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആറ് ദിവസം മുൻപ് പങ്കിട്ട മുത്തശ്ശിയുടെ വീഡിയോയ്ക്ക് ഇതുവരെ മൂന്ന് മില്യണിലധികം കാഴ്ചക്കാരാണുള്ളത്. മുത്തശ്ശിയുടെ ആത്മധൈര്യത്തെയും ആവേശത്തെയും പുകഴ്ത്തി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്.

'ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അവർ ക്യാമറയിൽ നോക്കാൻ പോലും മിനക്കെട്ടില്ല, തന്റേതായ ഒരു ലോകം അവർ ആസ്വദിക്കുകയായിരുന്നു. അതാണ് നമ്മൾ കാണേണ്ടത്,' ഒരാൾ കമന്റ് ചെയ്തു. 'പോസിനെക്കാൾ പ്രധാനം അനുഭവമാണെന്ന് അവർക്കറിയാമായിരുന്നു', മറ്റൊരാൾ കമന്റു ചെയ്തു. 'കൈകൾ ചലിപ്പിക്കുന്ന രീതി നോക്കൂ... പറക്കുന്ന ബാലെ നർത്തകിയെപ്പോലെ', ഒരാൾ കുറിച്ചു. 'സാഹസികതയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രായമാണിത്, ഒന്നും നഷ്ടപ്പെടാനില്ല,' മറ്റൊരാൾ പറഞ്ഞു. പ്രായം വെറും അക്കമാണെന്നും, സാഹസികതക്ക് അതിരുകളില്ലെന്നും മുത്തശ്ശി ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്നും നിരവധി പേ‌‌‌‌ർ പറഞ്ഞു.