'സുരേന്ദ്രന്റേത് സ്വപ്നം മാത്രമാണ്, കേരളത്തിൽ ആർഎസ്എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല';ചുട്ടമറുപടിയുമായി ശിവൻകുട്ടി

Sunday 26 October 2025 12:44 PM IST

തിരുവനന്തപുരം: കേരള സർക്കാർ ഒപ്പുവച്ച കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ പുതിയ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയും അദ്ദേഹം പി എം ശ്രീ പദ്ധതിയെക്കുറിച്ച് പറഞ്ഞിരുന്നു.

'പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലും ഇത് പറയുന്നുണ്ട്. ഏത് നിമിഷവും വേണമെങ്കിൽ പിൻമാറാമെന്ന് എംഒയുവിൽ ഉണ്ട്. രണ്ട് കക്ഷികളും തമ്മിൽ ആലോചിച്ചോ, കോടതിയിൽ പോയോ പിന്മാറാം. കേരളത്തിൽ ആർഎസ്എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല. അത് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്വപ്നം മാത്രമാണ്. ബദൽ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണ് കേരളം.

കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ല. സിപിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ. എംഒയുവിൽ ഒപ്പിടുന്നതിന് മുമ്പ് നിയമോപദേശം തേടിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ കിട്ടും. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. എംഒയുവിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളൂ. പല ഫണ്ടും കിട്ടേണ്ടതുണ്ട്'- ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെക്കുറിച്ച് കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്നും ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും. പി എം ശ്രീയുടെ കരാര്‍ ഒപ്പിട്ടതിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് എനിക്കറിയില്ല. സിപിഎമ്മിൽ കരാർ ഒപ്പിട്ടത് പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിന്റെ മറ്റ് മന്ത്രിമാർ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ മുഖ്യമന്ത്രിക്കും മനസിലാകുമെന്ന് കരുതുന്നു. ഈ വിഷയത്തിൽ സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ല. സിപിഐ നിലപാടില്ലാത്ത പാർട്ടിയാണ്'- സുരേന്ദ്രൻ പറഞ്ഞു.