മലമ്പാമ്പുകളുടെ സ്വന്തം കളമശേരി

Monday 27 October 2025 12:03 AM IST

കളമശേരി: കളമശേരി പ്രദേശം മലമ്പാമ്പുകളെ കൊണ്ട് നിറയുന്നതായി പരാതി. കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസിന് സമീപം നജാത്ത് നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പൂച്ചയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി.

വാർഡ് കൗൺസിലർ റഫീഖ് മരക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി. ഇതിനുശേഷം മറ്റൊരു മലമ്പാമ്പിനെ കൂടി കണ്ടെത്തിയതോടെ സമീപവാസിയായ ഫൈസൽ കൊല്ലം പറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൂന്നാമത്തെ പാമ്പിനെയും പിടികൂടി ഫോറസ്റ്റിന് കൈമാറി.

2018 ലെ വെള്ളപ്പൊക്കത്തിനു ശേഷമാണ് പ്രദേശത്ത് പതിവായി മലമ്പാമ്പിനെ കണ്ടുവരുന്നതെന്ന് കൗൺസിലർ റഫീക്ക് മരക്കാർ പറഞ്ഞു. അടുത്തിടെ ഒരു വീടിനുള്ളിൽ നിന്നും വീട്ടുമുറ്റത്തെ മരത്തിൽ നിന്നുമൊക്കെ മലമ്പാമ്പുകളെ പിടികൂടിയിരുന്നു.

ആഗസ്റ്റ് 16ന് രാവിലെ നഗരസഭയ്ക്ക് മുന്നിൽ ലോറിയുടെ ടയറിൽ കുരുങ്ങിയ നിലയിൽ ഒരു മലമ്പാമ്പിനെ കണ്ടിരുന്നു. തോർത്ത് കൊണ്ട് പാമ്പിന്റെ തല വരിഞ്ഞു കെട്ടിയ നിലയിലുമായിരുന്നു.