മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ ബിജുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി; ചിതയ്ക്ക് തീകൊളുത്തിയത് സഹോദരൻ

Sunday 26 October 2025 3:30 PM IST

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിന്റെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി. തറവാട് വീടിന് സമീപത്തായിരുന്നു ചടങ്ങുകൾ നടന്നത്. ബിജുവിന്റെ സഹോദരൻ ശ്യാമാണ് ചിതയ്ക്ക് തീകൊളുത്തിയത്. മണ്ണിടിച്ചിലിൽ ബിജുവും ഭാര്യ സന്ധ്യയും വീടിനുളളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം, ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളേജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്നും 25ഓളം കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു. ഇതിൽ ബിജുവും ഭാര്യയുമുണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വേണ്ടിയാണ് ഇവർ വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. അപകടത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.