രഞ്ജിയിൽ തകർപ്പൻ പ്രകടനവുമായി സൂപ്പർ താരങ്ങൾ, രഹാനെയ്ക്കും കരുണിനും സെഞ്ച്വറി, ഷമിക്ക് രണ്ട് വിക്കറ്റ്
മുംബയ്: കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നവരുടെ വമ്പൻ തിരിച്ചുവരവാണ് രണ്ടു ദിവസമായി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ സൂപ്പർ താരം വിരാട് കൊഹ്‌ലിയുടെയും രോഹിത് ശർമയുടെയും വമ്പൻ തിരിച്ചു വരവ് ആരാധകർ ആഘോഷത്തോടെയാണ് വരവേറ്റത്. സെലക്ടർമാരുടെയും വിമർശകരെയും നിശബ്ദരാക്കിയാണ് ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചത്.
ഇപ്പോഴിതാ രഞ്ജി ട്രോഫിയിലും സമാനമായ പ്രകടനങ്ങളാണ് അരങ്ങേറുന്നത്. ദേശീയ ടീമിൽ അവസരം കാത്തിരിക്കുന്ന താരങ്ങൾ അജിൻക്യ രഹാനെയും കരുൺ നായരുമാണ് രഞ്ജി ട്രോഫിയിൽ സെഞ്ച്വറി നേടി തങ്ങളുടെ ബാറ്റിംഗിൽ മികവ് വീണ്ടും തെളിയിച്ചു. മുംബയ് ക്യാപ്ടനായ രഹാനെ ഛത്തീസ്‌ഗഡിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി തികച്ചത്. 303 പന്തിൽ 159 റൺസാണ് രഹാനെ അടിച്ചു കൂട്ടിയത്. ആദ്യ ഇന്നിംഗ്‌സിൽ എട്ട് വിക്കറ്റിന് 406 റൺസെന്ന നിലയിലാണ് മുംബയ്. ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന രഹാനെക്ക് ഈ പ്രകടനം നിർണായകമാണ്.
അതേസമയം കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന കരുൺ നായർ ഗോവയ്ക്കെതിരെയാണ് സെഞ്ച്വറി സ്വന്തമാക്കിയത്. 267 പന്തിൽ 174 റൺസാണ് കരുൺ നേടിയത്. താരത്തിന്റെ ബാറ്റിംഗ് മികവിൽ കർണാടക ആദ്യ ഇന്നിംഗ്‌സിൽ 371 റൺസാണ് കൂട്ടിച്ചേർത്തത്. ക്യാപ്ടൻ മായങ്ക് അഗർവാളിന് (28) തുടക്കത്തിൽ തന്നെ മടങ്ങേണ്ടിവന്നെങ്കിലും, ശ്രേയസ് ഗോപാൽ (57) അർദ്ധസെഞ്ച്വറി നേടി കരുണിന് പിന്തുണ നൽകി.
ഗോവയ്ക്ക് വേണ്ടി യുവതാരം അർജുൻ ടെൻഡുൽക്കറും വാസുകി കൗശിക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിനെതിരായ മത്സരത്തിൽ പഞ്ചാബ് ആദ്യ ഇന്നിംഗ്സിൽ 436 റൺസിന് ഓൾഔട്ടാക്കി. ഓപ്പണർ ഹർനൂർ സിംഗിന്റെ (170) തകർപ്പൻ സെഞ്ച്വറിയാണ് പഞ്ചാബിന്റെ സ്കോർ ഉയർത്തിയത്.
കേരളത്തിനായി അങ്കിത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. എൻ.പി. ബേസിൽ, ബാബ അപരാജിത് എന്നിവർ രണ്ട് വിക്കറ്റ് വീതവും എംഡി നിധീഷ് ഒരു വിക്കറ്റും നേടി.ബംഗാൾ-ഗുജറാത്ത് മത്സരത്തിൽ ബംഗാൾ ആദ്യ ഇന്നിംഗ്സിൽ 279 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 107 എന്ന നിലയിലാണ്. ബംഗാളിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകൾ നേടി. അതേസമയം ബംഗാളിനായി ഷഹബാസ് അഹമ്മദ് നാലു വിക്കറ്റുകൾ വീഴ്ത്തി.